
കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ബിന്ദുവിന്‍റെ വീട്ടിലെത്തിയാണ് ചാണ്ടി ഉമ്മൻ വാഗ്ദാനം നൽകിയത്. ബിന്ദുവിവിന്‍റെ വീട് നിർമാണം പൂർത്തിയാക്കാനുള്ള അഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിൽനിന്നായിരിക്കും തുക നൽകുമെന്നും ചാണ്ടി ഉമ്മൻ.
ബിന്ദുവിന്‍റെ കുടുംബത്തിനു കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നായിരുന്നു ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്. മന്ത്രിക്ക് വീഴ്ചയുണ്ടായെന്നു സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഏതെങ്കിലുമൊരു വിദേശരാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുക. ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. പഴയത് പൊളിക്കാമായിരുന്നു.
വി.എന്‍. വാസവന്‍റെ ഉത്തരവാദിത്വം കുറച്ചുകാണാന്‍ സാധിക്കില്ല. മുഖ്യമന്ത്രി സംഭവ ദിവസം കോട്ടയത്തുണ്ടായിരുന്നിട്ടും ബിന്ദുവിന്‍റെ കുടുംബത്തെ കാണാന്‍ ശ്രമിച്ചില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, മെഡിക്കൽ കോളെജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകുന്നത് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്താണ് ഒരു തെരച്ചിലും നടത്താത്തെന്ന് ചാണ്ടി ഉമ്മൻ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.