കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് കോട്ടയം പൊലീസ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

2 ദിവസങ്ങൾക്ക് ശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്റ്റ് കുഴിക്കുള്ളിൽ കാണപ്പെടുകയായിരുന്നു
ലേമാൻ കിസ്ക് (19)
ലേമാൻ കിസ്ക് (19)
Updated on

കോട്ടയം: വാകത്താനത്ത് സഹപ്രവർത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപർ ആയി ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ലേമാൻ കിസ്ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രിൽ 28ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ ദൃഷ്ടിയില്‍ അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 26ന് ജോലിക്ക് എത്തിയ ലേമാൻ കിസ്ക്, മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു.

ഇതിനുശേഷം ഇയാൾ കമ്പനിയിൽ സ്ലറി വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കിയതിനു ശേഷം യുവാവ് കിടന്നിരുന്ന വേസ്റ്റ് കുഴിയിലേക്ക് കൊണ്ട് തള്ളുകയും ചെയ്തു. പിന്നീട് 2 ദിവസങ്ങൾക്ക് ശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്റ്റ് കുഴിക്കുള്ളിൽ കാണപ്പെടുകയായിരുന്നു. കമ്പനിയിലെ ഇലക്ട്രീഷ്യൻ വർക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സ്ഥലത്തെ സി.സി.ടി.വി ഇൻവെർട്ടർ തകരാർ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com