ആവേശം നിറച്ച് കോട്ടയം സയൻസ് സിറ്റി | Video

ഒന്നാംഘട്ടമായ സയൻസ് സെന്‍റർ 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒരു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ കോട്ടയം സയൻസ് സിറ്റി തുറന്നുകൊടുക്കുന്നു. ഒന്നാംഘട്ടമായ സയൻസ് സെന്‍റർ 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍റെ മേൽ നോട്ടത്തിലാണ് സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്‍റർ യാഥാർഥ്യമായത്.

കോട്ടയം കുറവിലങ്ങാട് കോഴയിൽ ഉള്ള ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഏറ്റെടുത്ത 30 ഏക്കറിലാണ് സയൻസ്‌ സിറ്റി നിർമിച്ചിരിക്കുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവേഷൻ ഹബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്‍ററാണ് പ്രധാന ഭാഗം. പ്ലാനറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്‌മെന്‍റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ ശബ്ദ സമന്വയപ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ എന്നിവയാണ് സയൻസ് സിറ്റി പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

47,147 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമർജിങ് ടെക്‌നോളജി എന്നീ ശാസ്ത്ര ഗാലറികളും ത്രീ-ഡി തിയേറ്റർ, ടെമ്പററി എക്‌സിബിഷൻ ഏരിയ, ആക്ടിവിറ്റി സെന്‍റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ എന്നിവ സജ്ജമാക്കി. സയൻസ് സെന്‍ററിന് ചുറ്റുമായി സയൻസ് പാർക്കും ദിനോസർ എൻക്ലേവും ഉണ്ട്. വാനനിരീക്ഷണത്തിന്‌ ടെലസ്‌കോപ്പും. രണ്ടാംഘട്ടം എന്ന നിലയിൽ 45 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

2014 ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നിരവധി കാരണങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയായിരുന്നു. കോട്ടയത്തിന്‍റെ സാമൂഹ്യ സാമ്പത്തിക വികസനത്തില്‍ സയന്‍സ് സിറ്റി ഒരു പ്രധാന നാഴികക്കല്ല് ആകുമെന്നും കേരളത്തിലുടനീളം വിശാലമായ തൊഴിലവസരങ്ങള്‍ തുറക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വലിയ മാറ്റമാണ് ഇതൊന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com