
കോട്ടയം: വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശി രാജൻ (71) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4നായിരുന്നു അപകടം.
എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന സ്വകാര്യബസും എതിർദിശയിലെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുചക്ര വാഹനയാത്രക്കാരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറാളം ഇവിടെ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.