
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയിൽ
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ അസം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടുന്നത്. രാത്രി 12.30നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. മാളയിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ജാര്‍ഖണ്ഡ് സ്വദേശികളായ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. കൂടാതെ, കൊല്ലപ്പെട്ട വിജയകുമാറിന്‍റെയും മീരയുടെയും മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സ്വിച്ച് ഓണ്‍ ആയിരുന്നു. ഈ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിന്‍റേതെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. വീടിന്‍റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്‍റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. മരണകാരണം തലയ്‌ക്കേറ്റ ആഘാതമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പല തവണകളായി വിജയകുമാറിന്‍റെ വീടിന് പരിസരം വീക്ഷിച്ചിരുന്നതായുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ ലോഡ്ജ് വിട്ട അമിത് വൈകിട്ടോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറുകയും തുടർന്ന് അന്ന് രാത്രി കൊലപാതകം നടത്തുകയായിരുന്നു.