അനുവിന്റെ കൊലപാതകം; പ്രതി കൊടുംകുറ്റവാളി, കൊലപ്പെടുത്തിയത് തല തോട്ടിൽ ചവിട്ടി താഴ്ത്തി, വഴിത്തിരിവായത് ശ്വാസകോശത്തിലെ ചെളിവെള്ളം

മുട്ടോളം മാത്രം വെള്ളമുള്ള അള്ളിയോറ താഴെ തോട്ടിൽ യുവതി മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു
അനുവിന്റെ കൊലപാതകം; പ്രതി കൊടുംകുറ്റവാളി, കൊലപ്പെടുത്തിയത് തല തോട്ടിൽ ചവിട്ടി താഴ്ത്തി, വഴിത്തിരിവായത് ശ്വാസകോശത്തിലെ ചെളിവെള്ളം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പ്രതി നിരവധി കേസുകളിൽ പ്രതി. വിവിധ സ്റ്റേഷനുകളിലായി 55 കേസുകളാണ് പ്രതിയ്ക്കുള്ളത്. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് കോഴിക്കോട് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയെ (അനു-26) ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നതാണ് അനുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അനുവിന്റെ തലയിലും ദേഹത്തും ചെറിയ മുറിവുകളുമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുട്ടോളം മാത്രം വെള്ളമുള്ള അള്ളിയോറ താഴെ തോട്ടിൽ യുവതി മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ അനു മുങ്ങി മരിക്കാൻ സാധ്യതയില്ലെന്ന് ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ അനുവിന്റെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ നഷ്ടമായത് പ്രതി ഒരു മോഷ്ടാവാണെന്നും തെളിയുകയായിരുന്നു. രണ്ട് മോതിരം, മാല, ബ്രേസ് ലറ്റ്, പാദസരം എന്നിവയാണ് നഷ്ടമായത്.

11-ാം തീയതി മോഷ്ടിച്ച ബൈക്കുമായി തിരികെ വരുമ്പോഴായിരുന്നു അനുവിനെ പ്രതി കൊലപ്പെടുത്തിയത്. പിന്നീട് എടവണ്ണപ്പാറയിൽ പ്രതി ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സ്വന്തം വീട്ടില്‍ വന്ന യുവതി ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോവാനായി അസുഖബാധിതനായ ഭർത്താവും ബന്ധുക്കളും വരുന്ന വാഹനത്തിൽ മുളിയങ്ങലിൽ നിന്ന് കയറാമെന്നായിരുന്നു അനു പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 8.30ഓടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങി.

അസുഖബാധിതനായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു യുവതി. മോഷ്ടിച്ച ബൈക്കുമായി കൊണ്ടോട്ടിയിലെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി പേരാമ്പ്ര വാളൂരിന് സമീപസ്ഥലത്തു നിന്നും കൊല്ലപ്പെട്ട അനുവിനെ കാണുന്നത്. വാഹനങ്ങള്‍ ലഭിക്കാതെ അക്ഷമയായി നില്‍ക്കുകയായിരുന്ന അനുവിന് സമീപം പ്രതി ബൈക്കിലെത്തി. പോകേണ്ട സ്‌റ്റോപ്പിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. അടിയന്തര സാഹചര്യം മൂലം അപരിചിതനായ പ്രതിക്കൊപ്പം യുവതി ബൈക്കില്‍ കയറുകയായിരുന്നു.

ഇടയ്ക്കുവച്ച് മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന പ്രതി ആളൊഴിഞ്ഞ റോഡരികിൽ നിർത്തുകയും സ്ഥലം നിരീക്ഷിച്ചശേഷം സമീപത്തെ തോടിനരികിലേക്ക് യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഇത് എതിർത്ത യുവതിയെ തോട്ടിൽ തള്ളിയിട്ട് തല തോട്ടിലെ വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയുമായിരുന്നു. മുഴുവന്‍ ആഭരണങ്ങളും അഴിച്ചെടുത്തശേഷമാണ് പ്രതി അവിടെ നിന്നും രക്ഷപ്പെട്ടത്. പിന്നീട് എടവണ്ണപ്പാറയിൽ പ്രതി ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു.

ഇതേ സമയം ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരാൻ സാധ്യതയുള്ള വഴികളിലെല്ലാം ഭർത്താവും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താത്തതിനെ തുടർന്ന് സംശയം തോന്നിയതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തിയത്. ഫോണും ചെരിപ്പുമെല്ലാം തോടരികിൽ നിന്ന് ലഭിച്ചിരുന്നു.

തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം പിടികൂടിയ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടും. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടി സ്വദേശിക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. മലപ്പുറം സ്വദേശിയായ പ്രതിയെ താമസസ്ഥലത്തു നിന്നും അതിസാഹസികമായിട്ടാണ് പൊലീസ് പിടികൂടിയത്. പിടികൂടാനെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Trending

No stories found.

Latest News

No stories found.