
ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസിലെ 15 ഓളം പേർ ചേർന്ന് ക്രൂരമായി മർദിച്ചു
representative image
കോഴിക്കോട്: ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ സംഘംചേർന്ന് മർദിച്ചതായി പരാതി. താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ക്രൂരമർദനത്തിനിരയായത്. തലയ്ക്കും കണ്ണിനും സാരമായി പരുക്കേറ്റ കുട്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച (June 03) ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.
ഉച്ചഭക്ഷണം കഴിച്ച് ക്ലാസിലിരിക്കുകയായിരുന്ന കുട്ടിയെ പത്താം ക്ലാസ് വിദ്യാർഥികൾ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി സംഘംചേർന്ന് മർദിക്കുകയായിരുന്നു. 15 ഓളം വിദ്യാർഥികൾ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. 4 മാസം മുൻപ്, പരുക്കേറ്റ കുട്ടിയും സംഘത്തിലെ വിദ്യാർഥികളും തമ്മിൽ അടിവാരം പള്ളിയിൽവച്ച് വാക്കേറ്റമുണ്ടായിരുന്നവെന്നും ഇതിനു ശേഷം കുട്ടിക്ക് ഭീഷണിയുണ്ടായിരുന്നതായും ഒമ്പതാം ക്ലാസുകാരന്‍റെ സഹോദരൻ പറയുന്നു.
താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് പരാതി റിപ്പോർട്ട് കൊടുത്തു. സംഭവത്തില്‍ 4 വിദ്യാർഥികളെ 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇതിനിടെ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ശ്രമിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്നും ആരോപിച്ച് രക്ഷിതാക്കള്‍ രംഘത്തെത്തിയിരുന്നു. എന്നാൽ സ്കൂൾ അധികൃതർ ഈ ആരോപണം നിഷേധിച്ചു.