കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേർക്ക് സസ്പെന്‍ഷന്‍. കൂടാതെ കേസിലെ പ്രതിയായ ശശീന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സംഭവം ശ്രദ്ധയിൽ പെട്ടയുടെനെ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷിച്ച് കർശന നടപടിയെടുക്കാന്‍ മെഡിക്കൽ വിദ്യാഭായ വകുപ്പ് ഡിറക്‌ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.
കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായ യുവതിയെയാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ മെഡിക്കൽ കോളെജ് അറ്റൻഡറായ എംഎം ശശീന്ദ്രനെ തുടർനടപടികളിൽ നിന്ന് രക്ഷിക്കുന്നതിനായി സഹപ്രവർത്തകർ ചിലർ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ശസ്ത്രക്രിയക്ക് വിധേയമായ യുവതി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഇവിടെ വച്ചാണ് ഇവർ ഭീഷണി മുഴക്കിയത്. ശശീന്ദ്രനെതിരെയുള്ള മൊഴി തിരുത്തണമെന്നും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു ഭീഷണി. എന്നാൽ യുവതി മെഡിക്കൽ കോളെജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകുകയായിരുന്നു. 1 നഴ്‌സ് അസിസ്റ്റന്റ്, 1 ഗ്രേഡ് 2 അറ്റൻഡർ, 3 ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവർക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.