

കോഴിക്കോട് ലോഡ്‌ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; രക്ഷപ്പെട്ടോടിയ 17 കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി!
representative image
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം നടത്തുന്നതായി റിപ്പോർട്ട്. സെക്സ് റാക്കറ്റ് സംഘത്തിൽ നിന്ന് രക്ഷപെട്ട അസം സ്വദേശിയായ 17 വയസുകാരി മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തുവരുന്നത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനമെന്നാണ് സൂചന. ഇവിടെ നിന്നു പെൺകുട്ടി അതി സാഹസികമായി രക്ഷപെടുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി മെഡിക്കൽ കോളെജ് പൊലീസിനു പെണ്‍വാണിഭ കേന്ദ്രത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്നാണ് വിവരം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവ് മൂന്നു മാസം മുൻപാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസ ശമ്പളത്തില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ കെണിയിലാക്കുന്നത്. എന്നാൽ, കേരളത്തില്‍ എത്തിച്ച പെൺകുട്ടിയെ നഗരമധ്യത്തിലുള്ള വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
സെക്സ് റാക്കറ്റ് സംഘത്തിനൊപ്പം തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ കൂടിയുണ്ടെന്ന് പതിനേഴുകാരി പൊലീസിനു മൊഴി നൽകി. ഇവരെ സ്ഥിരമായി മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നും, ഒരു ദിവസം ആറും ഏഴും ഇടപാടുകാരെ പേരെ വരെ യുവാവ് മുറിയിൽ പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴി നൽകി.
ഒരു ദിവസം ഫോണിൽ സംസാരിക്കാൻ മുറി പൂട്ടാതെ യുവാവ് ടെറസിലേക്ക് പോയ തക്കത്തിനാണ് പെൺകുട്ടി രക്ഷപെടുന്നത്. ഇതിന്‍റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഈ യാത്രയിലാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷന്‍ ശ്രദ്ധിക്കുന്നത്. മുറിയില്‍നിന്ന് രക്ഷപെട്ട പെൺകുട്ടി ഉടന്‍ മുന്നില്‍ക്കണ്ട ഓട്ടോ റിക്ഷയില്‍ കയറി മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി. സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കി വൈദ്യപരിശോധന നടത്തിയ ശേഷം പെൺകുട്ടിയെ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. പെൺകുട്ടിയിൽ നിന്നു കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പെൺകുട്ടിയുടെ മൊഴിയിലുള്ള യുവാവിനായി പൊലീസ് അന്വേഷണം ശക്തമാക്കി.