
രാജ്മോഹൻ ഉണ്ണിത്താൻ, കെ.പി. ശശികല
ആലപ്പുഴ: കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ ചാനൽ ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക‍്യ വേദി പ്രസിഡന്‍റ് കെ.പി. ശശികല നൽകിയ ഹർജി കോടതി തള്ളി. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
കേസ് തെളിയിക്കുന്നതിനു മതിയായ രേഖകൾ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാനും ശശികലയ്ക്ക് സാധിച്ചില്ലെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു.
2017ൽ ചാനൽ ചർച്ചക്കിടെ കെ.പി. ശശികലയെ രാജ്മോഹൻ ഉണ്ണിത്താൻ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ശശികല കോടതിയെ സമീപിച്ചത്. തന്നെ 'വിഷജന്തു'യെന്ന് വിളിച്ചെന്നും തന്‍റെ പ്രസംഗം കേട്ട് കാസർഗോഡുള്ള ഒരു ബിജെപി പ്രവർത്തകൻ ഒരു കുട്ടിയെ കൊന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കള്ളം പറഞ്ഞുവെന്നുമായിരുന്നു ശശികല പരാതിയിൽ ആരോപിച്ചത്.