
#പി.ബി. ബിച്ചു
തിരുവനന്തപുരം: റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി കെപിസിസി അംഗങ്ങളുടെ പട്ടിക വിപുലീകരിച്ചതിലെ ഗ്രൂപ്പുകളുടെ അതൃപ്തി കണക്കിലെടുത്ത് പട്ടിക പുനഃപരിശോധിക്കാൻ എഐസിസി തീരുമാനം.
പ്ലീനറി സമ്മേളന വേദിയിൽ എ, ഐ ഗ്രൂപ്പുകൾ അതൃപ്തി പരസ്യമാക്കിയതും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എഐസിസിക്ക് പരാതി നൽകിയതും കണക്കിലെടുത്താണ് ഗ്രൂപ്പ് നേതാക്കളുടെ നിർദേശം കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അൻവർ ഇതുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പ് നേതാക്കളെയും കെപിസിസി പ്രസിഡന്റിനെയും കണ്ട് ചർച്ച നടത്തിയാകും പട്ടിക പുനഃപരിശോധിക്കുക.
ഇത് കൂടാതെ ശശി തരൂർ അനുകൂലികൾ നടത്തുന്ന പ്രതികരണങ്ങളിലും എഐസിസിക്ക് പരാതി ലഭിച്ചിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ഈ വിഷയങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് എഐസിസി നിർദേശം. പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പായി ഗ്രൂപ്പ് നേതാക്കളുമായി വേണ്ട കൂടിയാലോചനകൾ നടത്താതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ചേർന്ന് നേരത്തെ നിശ്ചയിച്ച പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയെന്നായിരുന്നു പ്രധാന പരാതി.
പ്ലീനറി സമ്മേളന വേദിയിലുൾപ്പടെ വിഷയം ചർച്ചയായതോടെ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് സമ്മേളന ശേഷം വേണ്ട ചർച്ചകൾ നടത്താമെന്നും ഭാരവാഹി പട്ടികയിൽ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പിക്കാമെന്നും വാക്കു നൽകിയ ശേഷമാണ് പ്രതിഷേധം തണുത്തത്. സമ്മേളനം പൂർത്തിയായതോടെയാണ് വീണ്ടും തർക്കം തുടങ്ങിയത്. ഇതിന് ശേഷമാണ് താരിഖ് അൻവറുടെ നേതൃത്വത്തിൽ അടിയന്തര ചർച്ച നടത്താനുള്ള തീരുമാനം.
അതേസമയം, കോഴിക്കോട് എംപി എം.കെ. രാഘവൻ കെപിസിസി നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെ പിന്തുണച്ച് വടകര എംപി കൂടിയായ കെ. മുരളീധരനും രംഗത്തെത്തിയത് പാർട്ടി കേന്ദ്രങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി. രാഘവനോട് കെപിസിസി വിശദീകരണം തേടാനിരിക്കെയാണ് പിന്തുണ പ്രഖ്യാപിച്ച് മുരളീധരന്റെ പ്രതികരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ രീതി എന്നായിരുന്നു പി. ശങ്കരന് അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ലെന്നായിരുന്നു കെ. മുരളീധരന്റെ മറുപടി. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന് തുറന്നടിച്ചു. വ്യക്തിപരമായ പരമർശമല്ലെന്നും കോൺഗ്രസിന്റെ വികാരമാണ് രാഘവന് പറഞ്ഞതെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന് തുറന്നടിച്ചു. എം.കെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന് പറഞ്ഞു.
രാഘവനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ട് നല്കിയ പശ്ചാത്തലത്തില്‍ നടപടിയുണ്ടായാൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാണ് കളമൊരുങ്ങുന്നത്. ഇതുകൂടി കണക്കിലെടുത്താണ് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ നിർദേശമെത്തിയിരിക്കുന്നത്.