
file image
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്‍റെ പ്രസ്താവനയോട് പ്രതികരിക്കരുതെന്നു നിർദേശിച്ച് കെപിസിസി. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.
തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്‍റെ പ്രസ്താവന.
ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീര്‍ക്കണം. പോളിങ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലം പ്രചരണത്തിന് ശേഷം പോളിങ് ബൂത്തില്‍ ആളുകള്‍ എത്തുമ്പോള്‍ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്നം. ഏകീകൃത രൂപത്തിലുള്ള ശക്തിയാണ് കാണിക്കേണ്ടത്. പോളിങ് കഴിഞ്ഞതിന് ശേഷം അതിന് അഭിപ്രായം പറയാം എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.