കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ തമ്മിലടി; ഡോ. സരിനെതിരേ പരാതി

കരാറുകളിലെ ക്രമക്കേട് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആറു പേർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു
Dr P Sarin
Dr P Sarin

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ സൈബർ ഇടപെടലുകള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ച കെപിസിസി മിഡീയ സെല്ലില്‍ ഭിന്നത. കണ്‍വീനര്‍ ഡോ. പി.സരിനിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം നല്‍കിയ ഉപകരാറിലെ ക്രമക്കേട് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ നായര്‍, സെക്രട്ടറി രജിത്ത് രവീന്ദ്രന്‍ ഉള്‍പ്പെടെ ആറു പേരാണു നേതൃത്വത്തെ സമീപിച്ചത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണു പരാതി ലഭിച്ചിരിക്കുന്നത്. പലകാര്യങ്ങളിലും കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും കണ്‍വീനര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും ഇവർ ആരോപിക്കുന്നു.

പരാതിപ്പെട്ടതിന്‍റെ പേരില്‍ സെല്ലിന്‍റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി, കണ്‍വീനര്‍ സരിനിന്‍റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്ത അംഗങ്ങളെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കി, വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സരിന്‍ ഉപയോഗിച്ചു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.

എന്നാല്‍ പ്രവര്‍ത്തിക്കാത്തവരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതിന് വ്യാജപരാതി നല്‍കിയെന്നാണ് സരിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ റീച്ച് കൂട്ടാനും എതിരാളികളെ നേരിടാനും അടുത്തിടെ പുതുക്കിപ്പണിത കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിലാണ് കലഹം രൂക്ഷമായിരിക്കുന്നത്. 26 അംഗങ്ങളുള്ള ഗ്രൂപ്പില്‍ നിന്ന് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്ന വീണ നായര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി 20 പേരടങ്ങളുന്ന പുതിയ ഗ്രൂപ്പ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വത്തിന് മുന്നില്‍ പരാതി എത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com