

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.
File
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എഐസിസി നടപടികൾ ഡൽഹിയിൽ പൂർത്തിയാകുന്നതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതു സംബന്ധിച്ചും തർക്കും തുടങ്ങുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഗ്രൂപ്പ് ഭേദമന്യേ ഒരുമിച്ച നേതാക്കൾ പലരും കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുന്നതിൽ ഗ്രൂപ്പ് സമവാക്യങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഡിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള ചരടുവലിയും സജീവം. ഇതൊക്കെ കണക്കിലെടുത്താൽ, കോൺഗ്രസിൽ കുറച്ച് കാലത്തേക്ക് അടി തുടരുമെന്നുറപ്പ്. കെപിസിസി അധ്യക്ഷ പദവിയിൽ മേയ് 12 ന് ഒരു വർഷം പൂർത്തിയാക്കുന്ന സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിച്ച് ജയിച്ചിരുന്നു. പുതിയ മന്ത്രിസഭയിൽ അദ്ദേഹം ഇടം നേടുമെന്നായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉരുത്തിരിയുന്നത്.
ചാലക്കുടി എംപി ബെന്നി ബെഹനാൻ കെപിസിസി പ്രസിഡന്‍റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. മുൻ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പാർട്ടിക്കുളളിലും ഘടകകക്ഷി നേതാക്കൾക്കിടയിലും മികച്ച ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം സണ്ണി ജോസഫിനു പകരക്കാരനാകുമ്പോൾ സാമുദായിക സമവാക്യവും നിലനിർത്താനാകുമെന്നും പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ട്.
ഇതോടൊപ്പം കഴിഞ്ഞ തവണ അവസാന ഘട്ടം വരെ പരിഗണിച്ചിരുന്ന പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, വടകര എംപിയും വർക്കിങ് പ്രസിഡന്‍റുമായ ഷാഫി പമ്പിൽ എന്നിവരുടെ പേരുകളും സജീവമായി ഉയരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചു വിജയിച്ച ഡിസിസി പ്രസിഡന്‍റുമാരും ഇതോടൊപ്പം സംഘടനയുടെ ജില്ലാ ചുമതലകൾ ഒഴിയുമെന്നതിനാൽ വലിയ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത്. ഏഴ് ഡിസിസി അധ്യക്ഷന്മാരാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഇതിൽ അഞ്ച് പേർ ജയിച്ചു. കൊയിലാണ്ടിയിൽ ജയിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ ഇതിനകം ഡിസിസി അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ നെയ്യാറ്റിൻകരയിലും, കോട്ടയം അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂരിലും, എറണാകുളം അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിലും മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ് തവനൂരിലും ജയിച്ചു. പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ, പത്തനംതിട്ട അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ എന്നിവർ പരാജയപ്പെടുകയും ചെയ്തു.
വിജയിച്ച ഡിസിസി അധ്യക്ഷന്മാർക്കൊപ്പം ഡിസിസി തലത്തിലും സമഗ്ര പുനഃസംഘടനയ്ക്കാണ് ആലോചന. മികച്ച പ്രകടനം കാഴ്ചവച്ച ചില ജില്ലകളിലെ അധ്യക്ഷന്മാരെ നിലനിർത്തണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇതിനിടെ, സ്ഥാനം ലക്ഷ്യമാക്കി ചില നേതാക്കൾ ഗ്രൂപ്പ് യോഗങ്ങളും തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ചർച്ചകൾക്കു പിന്നാലെ ഡിസിസി അഴിച്ചുപണി സംബന്ധിച്ച ചർച്ചകളിലേക്കും പാർട്ടി കടക്കുമെന്നെതിനാൽ കേരളത്തിലും ഡൽഹിയിലും ഇനി തിരക്കിട്ട നീക്കങ്ങളാണ് വരാനിരിക്കുന്നത്.