
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിനുള്ളിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട നീക്കങ്ങളും ചർച്ചകളും സജീവം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് അഴിച്ചുപണി പൂർത്തിയാക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കെപിസിസി ഭാരവാഹികളിലും ഡിസിസി ഭാരവാഹികളിലും അഴിച്ചുപണി ഉറപ്പായെങ്കിലും കെപിസിസി അധ്യക്ഷസ്ഥാനം മാറ്റം വേണോ എന്നതിൽ നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിലുണ്ടായ മികവുറ്റ പ്രകടനത്തിന്‍റെ സാഹചര്യത്തിൽ കെ. സുധാകരനെ മാറ്റേണ്ടതില്ല എന്ന അഭിപ്രായം ഒരുവിഭാഗം മുതിർന്ന നേതാക്കങ്ങൾ മുന്നോട്ട് വയ്ക്കുമ്പോൾ, മാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. തർക്കങ്ങളില്ലാതെ പുനഃസംഘടന പൂർത്തിയാക്കണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവടക്കമുള്ള കേരളത്തിലുള്ള നേതാക്കളുടെ നിർദേശവും തേടിയിട്ടുണ്ട്. പരസ്യപ്രസ്താവനകളെ തുടർന്നുള്ള വിവാദങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നെന്നാണ് സുധാകരനെതിരേ ഒരു വിഭാഗം ഉന്നയിച്ചിരിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതടക്കം നിർദേശങ്ങളും ഹൈക്കമാൻഡ് നൽകിയെന്നാണ് വിവരം.
കൂടുതൽ നേതാക്കളുമായി എഐസിസി നേതൃത്വം കൂടിയാലോചന നടത്തും. അതേസമയം, പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുവാക്കൾക്കും വനിതകൾക്കും മുൻഗണ നൽകിയുള്ള പുനഃസംഘടനയ്ക്കാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്.
കൊടിക്കുന്നിൽ സുരേഷ് പരിഗണനയിൽ
കെ. സുധാകരന്‍ ഒഴിഞ്ഞാല്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പേരാണ്. എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നില്‍. കഴിഞ്ഞ ടേമിലും കൊടിക്കുന്നില്‍ സുരേഷിന്‍റെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം. ജോൺ, മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട എംപി ആന്‍റോ ആന്‍റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, ഈഴവ പ്രതിനിധി എന്ന നിലയിൽ അടൂർ പ്രകാശ് എംപി തുടങ്ങിയ പേരുകളും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പട്ടികയിലുണ്ട്.
കെ.എസ്. ശബരീനാഥൻ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ഉള്‍പ്പടെ അഞ്ച് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാൻ സാധ്യതയില്ലെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു.
സുധാകരന്‍റെ മാറ്റേണ്ടതില്ല: ശശി തരൂർ
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന്‍ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരന്‍റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നതും നേട്ടമാണ്. കെ. സുധാകരന്‍റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ചവച്ചത്. തെരഞ്ഞെടുപ്പുകളില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്നും യുവാക്കള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ, ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്.
എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജന തീരുമാനമെന്ന് വ്യക്തമല്ലെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അസന്തുഷ്ടരാണ്. രാഷ്ട്രീയ കാരണങ്ങൾ ഉണ്ടോ എന്ന് സംശയമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജനമെന്ന് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.