വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സിലെ തീപിടുത്തം; ഫോറൻസിക് പരിശോധനയ്ക്ക് നിർദേശം, അട്ടിമറി സാധ്യതയും അന്വേഷിക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിയോടെ എത്തിയ അന്വേഷണ സംഘം യോഗം ചേർന്നു
kppl
kppl
Updated on

കോട്ടയം: തീപിടുത്തമുണ്ടായ കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് സ് ലിമിറ്റഡിൽ ജില്ലാ കലക്റ്റർ നിയോഗിച്ച അന്വേഷണ സംഘം വിദഗ്ധ പരിശോധന നടത്തി. പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ആറംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിയോടെ എത്തിയ അന്വേഷണ സംഘം യോഗം ചേർന്നു. തുടർന്ന് തീപിടുത്തമുണ്ടായ പ്ലാന്‍റ് പരിശോധിച്ചു. ആദ്യം തീ കണ്ട ഡ്രയറിന് സമീപമുള്ള ഭാഗത്തടക്കം ഫോറൻസിക് പരിശോധനയ്ക്ക് സംഘം തീരുമാനിച്ചു. ഇതനുസരിച്ച് അടുത്ത ദിവസം പൊലീസിന്റെ ഫോറൻസിക് സംഘം പരിശോധിക്കും. ഷോർട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ തീപിടുത്തത്തിന് കാരണമായതെന്ന് അന്വേഷിക്കും. ഇതിന്റെ ഭാഗമായി അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട് . വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് നൽകും. അന്തിമ പരിശോധനാ റിപ്പോർട്ട് ഈ മാസം 30നകം ജില്ലാ കലക്റ്റർക്ക് കൈമാറും.

കോട്ടയം ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്റ്റർ പി. ജിജു, വൈക്കം എ.എസ്.പി. നകുൽ ദേശ്മുഖ്, കോട്ടയം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ഇൻസ്പെക്റ്റർ വി.എം ബീന, കോട്ടയം ജില്ലാ ഫയർ ഓഫിസർ റജി വി. കുര്യാക്കോസ്, കെ.എസ്.ഇ.ബി കോട്ടയം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ വി.സി ജമിലി എന്നിവരടങ്ങുന്ന സംഘമാണ് കമ്പനിയിൽ പരിശോധന നടത്തിയത്. ഒക്റ്റോബർ 5നാണ് കെ.പി.പി.എല്ലിൽ തീപിടുത്തമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com