
തിരുവനന്തപുരം: എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തിൽ പ്രതിധ്വനിക്കുമെന്ന് എഴുത്തുകാരി കെ.ആർ. മീര. സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടു പരസ്യപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും എന്നാൽ ജനാധിപത്യവ്യവസ്ഥയിൽ, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാർക്കു നിഷേധിക്കാനോ എഴുത്തുകാർ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്നു നിർബന്ധിക്കാനോ ആർക്കും അധികാരമില്ലെന്നും മീര ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
എഴുത്തുകാർ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്നു പറയുന്നവർ അറിയാൻ,
എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തിൽ പ്രതിധ്വനിക്കും. എന്റെ രാഷ്ട്രീയവും നിലപാടുകളും എന്റെ രചനകളിലുണ്ട്.
സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടു പരസ്യപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരാണ്.
പക്ഷേ, ജനാധിപത്യവ്യവസ്ഥയിൽ, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാർക്കു നിഷേധിക്കാനോ എഴുത്തുകാർ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്നു നിർബന്ധിക്കാനോ ആർക്കും അധികാരമില്ല. എഴുത്തുകാർ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിൽ അധിക്ഷേപിക്കുന്നവർ ജനാധിപത്യവിശ്വാസികളല്ല.
ലോക ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങൾക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇനിയും അതു തുടരും.
സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂർണ്ണപൗരത്വമാണ് എന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാർഗദീപം.
സ്ത്രീവിരുദ്ധത വച്ചുപുലർത്തിക്കൊണ്ട് മതവർഗീയതയെയും ജാതീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും ഇതിന്റെയെല്ലാം ഭീമരൂപമായ ഫാസിസത്തെയും പ്രതിരോധിക്കാൻ സാധിക്കില്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീവിരുദ്ധതയെ പ്രോൽസാഹിപ്പിക്കാത്ത വ്യക്തികളെയും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ളവരും ജെൻഡർ ജസ്റ്റിസ് നടപ്പിലാക്കുന്നതിൽ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും മാത്രമേ ഞാൻ പിന്തുണയ്ക്കുകയുള്ളൂ.
സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്‍റെയും തുടക്കം എന്നു വിശ്വസിക്കുന്നവർക്ക് എന്നോടൊപ്പം നിൽക്കാം, അവരോടൊപ്പം ഞാനും നിൽക്കുന്നു.
ജനാധിപത്യമര്യാദകൾ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരും പുരോഗമനാശയങ്ങളെ തള്ളിപ്പറഞ്ഞു സമൂഹത്തെ പിന്നോട്ടു നയിക്കുകയും ചെയ്യുന്ന വ്യക്തികളിൽനിന്നും കക്ഷികളിൽനിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കുന്നു.
മിണ്ടാതിരുന്നാൽ എല്ലാവരുടെയും നല്ലകുട്ടിയാകാം. ഇനി അഥവാ മിണ്ടിയാൽത്തന്നെ, മാധ്യമങ്ങൾ ആരുടെ പക്ഷത്താണോ അവർക്കു വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല.
പക്ഷേ, മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നിൽക്കാണുന്നു. അവർക്കെങ്കിലും യഥാർത്ഥ ജനാധിപത്യം അനുഭവിക്കാൻ അവസരമുണ്ടാകണമെന്ന് ആഗ്രഹമുണ്ടാകുന്നു.
എന്തു നിലപാട് എടുക്കണമെന്നു ഞാൻ ടാഗോറിൽനിന്നു പഠിച്ചിട്ടുണ്ട്.
"ജോഡി തോർ ഡാക് ഷുനെ കേവു ന അഷെ തൊബെ ഏക് ല ഛലോ രേ..."
അർത്ഥം : "നിങ്ങളുടെ വിളികേട്ട് ആരും ഒപ്പം വരുന്നില്ലെങ്കിൽ ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകുക..."
( എൻ. ബി. : അടിയന്തരാവസ്ഥക്കാലത്ത് ഈ ഗാനം നിരോധിക്കപ്പെട്ടിരുന്നു. )