
പാലക്കാട്: പ്രായം ഒരു വയസ്. കാട്ടിലേക്കു പോകാൻ അവനു മടിയാണ്. അതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കരിക്കും വെള്ളവും നൽകി. കൃഷ്ണ എന്ന പേരുമിട്ടു. അമ്മയെ കാണാൻ കൂട്ടാക്കാതെ ആ മനുഷ്യർക്കിടയിൽ അവരുടെ കൈ പിടിച്ചും കാലിൽ പിടിച്ചും അവൻ അവിടെത്തന്നെ നിന്നു, അവർക്കിടയിൽ സുഖമായി കിടന്നുറങ്ങി.
അട്ടപ്പാടി പാലൂർ ധാന്യകരയിൽ കൂട്ടം തെറ്റിയെത്തിയ ആ കുട്ടിയാനയെ ആദ്യ ദിവസം കാടുകയറ്റി വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. കാട്ടിൽ നിന്നും ഇറങ്ങി വന്ന കുട്ടിയാനയെ സംരക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വനം വകുപ്പ്.
കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയ ആനക്കുട്ടിക്ക് വനം വകുപ്പ് കൃഷ്ണ എന്നു പേരിട്ടു. കൃഷ്ണയെ വനാതിർത്തിയോട് ചേർന്ന് പ്രത്യേക ഷെൽട്ടറിൽ നിർത്തി നിരീക്ഷിക്കുകയാണ്. വെറ്ററിനറി ഡോക്റ്റർമാരുടെ സംഘം ചികിത്സ, മരുന്ന്, ഭക്ഷണം ഉൾപ്പെടെ നൽകിയാണ് കുട്ടിയാനയെ നിരീക്ഷിക്കുന്നത്. അമ്മയാന തേടി വന്നില്ലെങ്കിൽ വനം വകുപ്പ് സംരക്ഷണം ഏറ്റെടുക്കും. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാണോ എന്ന സംശയമാണ് വനം വകുപ്പിനുള്ളത്.
കഴിഞ്ഞദിവസം രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് കുട്ടിയാനയെ കൂട്ടംതെറ്റിയ നിലയിൽ കണ്ടെത്തിയത്. അവശ നിലയില്‍ സ്വകാര്യ തോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു. പ്രദേശവാസിയായ സി.ജെ. ആനന്ദ്കുമാര്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുത പ്രതികരണ സംഘവും വെള്ളവും പുല്ലും പഴവും നല്കി. ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനപാലകര്‍ കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ത്തിരുന്നു.
കാടു കയറ്റാൻ വനം വകുപ്പിന്റെ ജീപ്പിലാണ് കൊണ്ടുപോയത്. വൈകിട്ട് ആറു മണിയോടെ കാട്ടാനക്കുട്ടി തിരികെയെത്തി. രാത്രി വനപാലകർ ഏറെ പരിശ്രമിച്ചെങ്കിലും ആനക്കൂട്ടം തിരികെ കുട്ടിയെ അന്വേഷിച്ച് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക പരിചരണം നൽകി ആനക്കുട്ടിയെ സംരക്ഷിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.
കുട്ടിയെ കാണാത്ത സാഹചര്യത്തിൽ ആനക്കൂട്ടം വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി കുട്ടിയാനയെ കൂടെക്കൂട്ടുമെന്നാണ് വനം വകുപ്പ് നിഗമനം. ആനക്കൂട്ടം എത്താൻ വൈകിയാൽ വനം വകുപ്പ് ആനയെ ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. മൂന്നുദിവസം വരെ നിലവിൽ നിരീക്ഷണം തുടരാനാണ് തീരുമാനം.