ആരോരുമറിയാതെ അതിരപ്പിള്ളി പദ്ധതി പൊടിതട്ടിയെടുക്കാൻ ശ്രമം

വാഴച്ചാൽ മേഖലയിൽ നടപ്പാക്കിയ വനാവകാശ നിയമം അട്ടിമറിച്ച്, ആദിവാസികളുടെ അവകാശങ്ങൾ മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കെഎസ്ഇബിയുടെ ശ്രമം
KSEB Athirappilly power push trampling tribal rights

ആരോരുമറിയാതെ അതിരപ്പിള്ളി പദ്ധതി പൊടിതട്ടിയെടുക്കാൻ ശ്രമം

Updated on

അജയൻ

കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സമരങ്ങളിലൊന്നിന്‍റെ വിജയകരമായ പരിസമാപ്തിക്കൊടുവിലാണ് അതിരപ്പിള്ളിയിലെ 163 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സംസ്ഥാന സർക്കാർ ഫ്രീസറിൽ വച്ചത്. 2014ൽ ഈ മേഖലയിൽ നടപ്പാക്കിയ വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, വാഴച്ചാൽ മേഖലയിലെ ആദിവാസി വിഭാഗങ്ങളാണ് ഇവിടത്തെ കാടിന്‍റെ യഥാർഥ കാവൽക്കാർ. അവരുടെ അറിവോ സമ്മതമോ കൂടാതെ ഇവിടെ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയില്ല. എന്നാലിപ്പോൾ, ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB)

'ടൂറിസം വികസനം' എന്ന പുതിയ മുഖംമൂടി ധരിപ്പിച്ചാണ് വിവാദ വൈദ്യുത പദ്ധതി നടത്തിയെടുക്കാനുള്ള നീക്കം വീണ്ടും തുടങ്ങിയിരിക്കുന്നത്. നിർദിഷ്ട പദ്ധതി വഴി, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജലപ്രവാഹം വർധിക്കുമെന്നും, കടുത്ത വേനലിൽപ്പോലും വറ്റാത്ത സൗന്ദര്യമായി അതിരപ്പിള്ളി നിലകൊള്ളുമെന്നുമാണ് കെ‌എസ്‌ഇ‌ബിയുടെ മോഹനവാഗ്ദാനം! ശാസ്ത്രീയമായി അടിത്തറയുള്ള ഉറപ്പ് എന്ന നിലയിലല്ല, ജലവൈദ്യുത പദ്ധതി നടത്തിയെടുക്കാനുള്ള വളഞ്ഞ വഴി എന്ന നിലയിലാണ് പരിസ്ഥിതി പ്രവർത്തകർ ഇതിനെ കാണുന്നത്. പരിസ്ഥിതി പ്രവർത്തകരെയും ഗോത്രാവകാശ പ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന നീക്കമാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വനാവകാശ നിയമം നടപ്പാക്കിയതോടെ, വാഴച്ചാലിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങൾ അവരുടെ പൂർവിക വനങ്ങളുടെ ശരിയായ സംരക്ഷകരായി നിയമപരമായി തന്നെ അംഗീകരിക്കപ്പെടുകയായിരുന്നു. ആ അധികാരം കൃത്യമായി പ്രയോഗിച്ചുകൊണ്ടു തന്നെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അവർ തടയിട്ടത്.

2012ൽ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന്‍റെ മൂർധന്യത്തിലാണ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ വനാവകാശ നിയമം നടപ്പാക്കണമെന്ന ആഹ്വാനം ആദിവാസി വിഭാഗങ്ങളോടു നടത്തിയത്: ''ഈ പദ്ധതി യാഥാർഥ്യമാകുന്നതു തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം 2006ലെ വനാവകാശ നിയമം കർശനമായി നടപ്പാക്കുകയാണ്. അങ്ങനെ നിങ്ങൾ വനത്തിന്‍റെ സംരക്ഷകരുടെ പങ്ക് ഏറ്റെടുക്കണം, അതുവഴി നിങ്ങളുടെ പൂർവിക ഭൂമിയിലെ ഏതൊരു വികസന ശ്രമവും നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ നടക്കൂ എന്ന് ഉറപ്പാക്കണം.'' ഗാഡ്ഗിലിന്‍റെ ആഹ്വാനം പ്രചോദനാത്മകം മാത്രമായിരുന്നില്ല; തന്ത്രപരവുമായിരുന്നു.

KSEB Athirappilly power push trampling tribal rights

എന്നാൽ, വനാവകാശ നിയമത്തിലൂടെ വ്യക്തമായി നിർണയിക്കപ്പെട്ട പരിധി നിലനിൽക്കുമ്പോൾ തന്നെ, KSEB ഈ നിയമത്തെയും യുക്തിയെയും മറികടക്കാനാണു ശ്രമിക്കുന്നത്. ആദിവാസികളോട് ഒരു വാക്കുപോലും പറയാതെ പുതുക്കിയ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് നീക്കം. വനാവകാശ നിയമപ്രകാരം, കാടിന്‍റെ യഥാർഥ സംരക്ഷകരായ തദ്ദേശീയ സമൂഹങ്ങളുമായി അടിസ്ഥാനപരമായ കൂടിയാലോചന പോലും നടത്തിയിട്ടില്ല.

മെട്രൊ വാർത്തയുമായുള്ള സംഭാഷണങ്ങളിൽ, നിരവധി ഗോത്ര നേതാക്കൾ ഇക്കാര്യത്തിൽ നിരാശ പ്രകടിപ്പിച്ചു. പദ്ധതിയുടെ പുനരുജ്ജീവനത്തെക്കുറിച്ച് ആദ്യം കേട്ടത് സർക്കാരിൽനിന്നല്ല, മറ്റ് അനൗപചാരിക മാർഗങ്ങളിലൂടെയാണെന്ന് അവർ പറയുന്നു. ''ഞങ്ങളോട് കൂടിയാലോചിച്ചില്ല, ഞങ്ങളെ അറിയിച്ചില്ല, പരിഗണിച്ചതുപോലുമില്ല,'' ഒരാൾ പറഞ്ഞു. പക്ഷേ, അവർ പേടിച്ചു മാറിനിൽക്കാൻ തയാറല്ല. കാട്ടിലും നാട്ടിലും കോടതിയിലും എതിർക്കാൻ തന്നെയാണ് തീരുമാനം.

വാഴച്ചാൽ മേഖലയിൽ നടപ്പാക്കിയ വനാവകാശ നിയമം അട്ടിമറിച്ച്, ആദിവാസികളുടെ അവകാശങ്ങൾ മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കെഎസ്ഇബിയുടെ ശ്രമം

വനാവകാശ നിയമം നടപ്പാക്കിയ ഒമ്പത് ആദിവാസി ഊരുകളുടെ സംഘത്തിന്‍റെ തലവനായ മലക്കപ്പാറയിലെ മോഹനൻ, സംഘത്തിന്‍റെ ഒരു യോഗം ഉടൻ ചേരുമെന്നും ഭാവി നടപടികൾ തീരുമാനിക്കുമെന്നും പറഞ്ഞു. ''ഇതിൽ നിന്ന് പിന്നോട്ടു പോകാനാവില്ല'', അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

2014ൽ, സർക്കാർ ഈ പദ്ധതി മനസലില്ലാമനസോടെ ഉപേക്ഷിച്ചപ്പോൾ തന്നെ, അതിനു കണക്കാക്കിയിരുന്ന ഏകദേശ ചെലവ് 1,600 കോടി രൂപയായിരുന്നു. പതിനൊന്നു വർഷത്തിനിപ്പുറം ഈ ചെലവ് എത്ര മടങ്ങ് വർധിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോടികളുടെയും കരാറുകളുടെയും വന്യമായ കണക്കുകൾക്കിടയിൽ, ബലികഴിക്കാൻ പോകുന്ന വനസമ്പത്തിന്‍റെ പച്ചപ്പ് വിലമതിക്കാനാവാത്തതുമായിരിക്കും. പദ്ധതി നടപ്പായാൽ നശിക്കാൻ പോകുന്നത് വന്യജീവികൾ മാത്രമല്ല, കാടിന്‍റെ സൂക്ഷ്മമായ സന്തുലിതാവസ്ഥ കൂടിയാണ്.

KSEB Athirappilly power push trampling tribal rights

''കാടിനെക്കുറിച്ച് മറ്റാരെക്കാളും നന്നായി ഞങ്ങൾക്കറിയാം, അതിനെ നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏതൊരു നീക്കത്തെയും ഞങ്ങൾ എതിർക്കും'', പൊകലപ്പാറയിലെ അജിത സംസാരിക്കുമ്പോൾ ശബ്ദത്തിൽ എതിർപ്പും സങ്കടവും നിറഞ്ഞിരുന്നു.

മറ്റൊരു ആശങ്കാജനകമായ സംഭവവികാസത്തിലേക്കു കൂടി മോഹനൻ ശ്രദ്ധ ക്ഷണിച്ചു - വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളത്തിന്‍റെ പുനരുപയോഗത്തിലൂടെ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഷോളയാറിലെ പുതിയ പദ്ധതി നിർദേശത്തെക്കുറിച്ചായിരുന്നു അത്. പുറന്തള്ളുന്ന വെള്ളം തുരങ്കങ്ങളുടെ ഒരു ശൃംഖലയിലൂടെ തിരിച്ചുവിട്ട് ഊർജത്തിന്‍റെ അവസാന കണികയും ഊറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ചെലവ് വളരെ വലുതാണ്. വലിയ തോതിൽ പാറ പൊട്ടിച്ച് തുരങ്കങ്ങൾ തീർത്ത് ഇതു നടത്തിയെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തരിശ് ഭൂമിയുമല്ല. വേഴാമ്പലുകളുടെ ആവാസഭൂമിയാണ് ഇവിടം. അതും പോരാഞ്ഞ്, ഈ പാരിസ്ഥിതിക ദുർബല പ്രദേശം ഒരു സുപ്രധാന ആന ഇടനാഴി കൂടിയാണ്. ''ഇത് വെറും അടിസ്ഥാന സൗകര്യം വികസനമല്ല, ഇതു കടന്നുകയറ്റമാണ്'', മോഹനൻ ചൂണ്ടിക്കാട്ടുന്നു. വിഷയം ഹൈക്കോടതിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

''ഷോളയാർ പദ്ധതി ഒറ്റപ്പെട്ടതല്ല. ചാലക്കുടിപ്പുഴയെയും നദീതടങ്ങളെയും അഞ്ച് അണക്കെട്ടുകൾ ഇപ്പോൾ തന്നെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരമായ ചൂഷണത്തിന്‍റെ ഇരുണ്ട ചിത്രമാണ് കാടിനുള്ളിലെ ഇത്തരം പദ്ധതി നിർദേശങ്ങളോരോന്നും വരച്ചുകാട്ടുന്നത്. പുതിയതായി പണിയുന്ന ഓരോ അണക്കെട്ടും, വഴിതിരിച്ചുവിടുന്ന ഓരോ പുഴയും, ഒരു നദീതട വ്യവസ്ഥയുടെ സാവധാനത്തിലുള്ള മരണത്തിലേക്കാണ് ഘട്ടംഘട്ടമായി വലിച്ചടുപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com