കെഎസ്ഇബിക്ക് കിട്ടാനുള്ളത് 1342 കോടി രൂപ

കെഎസ്ഇബിക്ക് 1342.88 കോടി രൂപ കുടിശിക; സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായ ഭീമന്മാരും പട്ടികയിൽ
കെഎസ്ഇബിക്ക് കിട്ടാനുള്ളത് 1342 കോടി രൂപ

കറന്‍റ് ബിൽ കുടിശിക പെരുകുന്നു

freepik.com

Updated on: 

തിരുവനന്തപുരം: സാധാരണക്കാരൻ വൈദ്യുതി കുടിശിക വരുത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ ഫ്യൂസ് ഊരുന്ന കെഎസ്ഇബിക്ക് സർക്കാരും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ളത് കോടികളെന്ന് റിപ്പോർട്ട്. മാർച്ച് മാസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാന വൈദ്യുതി ബോർഡിന് ഉപയോക്താക്കളിൽനിന്ന് പിരിഞ്ഞുകിട്ടാനുള്ള ആകെ കുടിശിക 1342.88 കോടി രൂപയെന്നാണ് വിവരം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപയോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും വരെ കുടിശിക വരുത്തിയവരുടെ പട്ടികയിലുണ്ട്. കോടതി വ്യവഹാരത്തിലുള്ള കുടിശികയുടെയും കേബിൾ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് കുടിശികയുടെയും വിശദാംശങ്ങൾ അരിയർ ക്ലിയറൻസ് സെൽ ഓഫിസിൽ ലഭ്യമാക്കിയിട്ടില്ലെന്നും, ബന്ധപ്പെട്ട സ്പെഷ്യൽ ഓഫിസർമാരുടെയും ഡിസ്ട്രിബ്യൂഷൻ സെക്റ്റർ ചീഫ് എൻജിനീയർമാരുടെയും ഓഫിസുകളിൽനിന്നും നേരിട്ട് ശേഖരിക്കേണ്ടതാണെന്നും കാസർഗോഡ് സ്വദേശിയായ എ.എസ്. മുഹമ്മദ് അഷറഫിന് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

കുടിശിക തിരിച്ചുപിടിക്കുന്നതിനു ബോർഡ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുന്നുണ്ട്. തുക അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഡിസ്മാന്‍റിൽ ചെയ്യുക, റവന്യൂ റിക്കവറി എന്നീ നടപടികളും സ്വീകരിക്കുന്നു. എന്നാൽ, ഇവയിൽ വാട്ടർ അഥോറിറ്റി പമ്പ് ഹൗസുകൾ, പൊലീസ്, സർക്കാർ ആശുപ്രതികൾ, കൃഷിഭവൻ എന്നിവയ്ക്ക് ഇളവുകളുണ്ട്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും ബോർഡ് നടപ്പാക്കിവരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ കുടിശിക പൂർണമായി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി, ഈ വർഷം മാർച്ച് ഒന്നു മുതൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ച് വൈദ്യുതി ചാർജ് സർക്കാരിന് നൽകാനുള്ള ഡ്യൂട്ടിയുമായി തട്ടിക്കിഴിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ആകെ കുടിശിക, സർക്കാരിന്‍റെ വിവിധ ഉത്തരവുകൾ പ്രകാരമുള്ള ക്രമീകരണങ്ങൾക്കുശേഷം 38.99 കോടി രൂപയാണ്. സംസ്ഥാന സർക്കാർ വകുപ്പുകൾ: 6.22 കോടി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (കേരള വാട്ടർ അഥോറിറ്റി ഒഴികെ): 8.87 കോടി, വാട്ടർ അഥോറിറ്റി: 28.25 കോടി, പൊതു സ്ഥാപനങ്ങൾ: 3.34 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: 1.52 കോടി, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ: 2.32 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ: 36.47 കോടി എന്നിങ്ങനെയാണ് കുടിശിക.

ഇതിനു പുറമെ, സിലിക്കൽ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡ്: 67.51 കോടി, ബിനാനി സിങ്ക്: 44.50 കോടി, ഹൈടെക് ഇലക്ട്രിക് ആൻഡ് ഹൈഡ്രോ പവർ ലിമിറ്റഡ്: 37.30 കോടി, ട്രാവൻകൂർ റയോൺസ് ലിമിറ്റഡ്: 27.97 കോടി, ബന്നാരിയമ്മൻ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ്: 23.20 കോടി, എസ്‌വിഎ സ്റ്റീൽ റീറോളിങ് മിൽസ് ലിമിറ്റഡ്: 16.89 കോടി, ശ്രീലക്ഷ്മി ഇലക്ട്രോ സ്‌മെൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്: 15.44 കോടി, എക്‌സൽ ഗ്ലാസ് ഫാക്റ്ററി: 15.36 കോടി, സുവീറ അലോയ്‌സ്: 15.20 കോടി, എപി സ്റ്റീൽ റീറോളിങ് മിൽസ്: 15.15 കോടി എന്നിവയാണ് കൂടുതൽ കുടിശികയുള്ള സ്ഥാപനങ്ങൾ.

logo
Metro Vaartha
www.metrovaartha.com