
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളിലെ വാഹന ചാർജിങ് സംവിധാനത്തിന് കെഎസ്ഇബിക്ക് അവാർഡ്. 2023ലെ ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറത്തിന്റെ ഡയമണ്ട് അവാർഡാണ് വൈദ്യുത ബോർഡിനെ തേടിയെത്തിയത്.
കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ എന്ന നവീന ആശയം വഴി ഓട്ടൊറിക്ഷകളും ടൂവീലറുകളും ഉപയോഗിക്കുന്ന സാധാരണക്കാർക്ക് സംസ്ഥാനമൊട്ടാകെ ചാർജിങ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് വൈദ്യുത വാഹന രംഗത്ത് വൈദ്യുതി ബോർഡ് നടത്തിയ വൻ മുന്നേറ്റം അവാർഡിന് കണക്കിലെടുക്കുകയായിരുന്നു. ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 5 എന്ന് നിരക്കിൽ എംഎൽഎമാർ നിർദേശിച്ച സ്ഥലങ്ങളിലാണ് 1,166 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.
പദ്ധതിക്ക് മുന്നോടിയായി കേരളത്തിൽ ഏറ്റവും കൂടുതൽ ഓട്ടൊറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഇത് വൻ വിജയമായതിനെ തുടർന്ന് ഓട്ടോ- ടൂവീലറുകൾ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരം ആണ് സംസ്ഥാനം ഒട്ടാകെ പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ ഇത്തരം ചാർജിങ് സെന്ററുകളുടെ പദ്ധതി അനുകരിക്കുവാൻ മറ്റു പല സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിനാകെ മാതൃകയായ ഈ പദ്ധതി നടപ്പിലാക്കിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.