

കെഎസ്ഇബിക്ക് തോന്നുംപടി വൈദ‍്യുതി നിയന്ത്രിക്കാൻ സാധിക്കില്ല; കർശന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ
file
തിരുവനന്തപുരം: കെഎസ്ഇബിക്ക് നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ. തോന്നുന്ന പോലെ വൈദ‍്യുതി നിയന്ത്രിക്കാൻ കെഎസ്ഇബിക്ക് സാധിക്കില്ലെന്നും എത്ര നേരം വൈദ‍്യുതി മുടങ്ങുമെന്നും ലോഡ് ഷെഡിങ്ങിനുള്ള സാധ‍്യതയും ജനങ്ങളെ അറിയിക്കണമെന്നും കമ്മിഷൻ പറഞ്ഞു. ഒരേ സ്ഥലത്ത് ഒരാഴ്ച ഒരേ സമയം നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
ഇക്കാര‍്യം സമ്മതമാണെന്നാണ് കെഎസ്ഇബി പറയുന്നത്. അടുത്ത ദിവസം എത്ര വൈദ‍്യുതി കുറവുണ്ടാകുമെന്ന് നേരത്തെ തന്നെ കെഎസ്ഇബിക്ക് അറിയാൻ കഴിയുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കൾക്ക് എസ്എംഎസ് നൽകാനുള്ള സംവിധാനം കെഎസ്ഇബിയ്ക്ക് ഉണ്ടല്ലോയെന്നും കമ്മിഷൻ ആരാഞ്ഞു. അടിയന്തരഘട്ടങ്ങളിൽ ഏത് ഫീഡറാണ് ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സെഷൻ ഓഫിസുകളെ ചുമതലപ്പെടുത്തണമെന്നും കമ്മിഷൻ പറഞ്ഞു.