"അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..?", പാതിരാത്രിയിൽ വഴിയിലിറങ്ങിയ പെൺകുട്ടിക്ക് കൂട്ടുനിന്ന് KSRTC ബസ്

കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റാണ് വഴിയിൽ ഇറങ്ങിയ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കിയത്
KSRTC bus stops for girl's safety

"അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..?", പാതിരാത്രിയിൽ വഴിയിലിറങ്ങിയ പെൺകുട്ടിക്ക് കൂട്ടുനിന്ന് KSRTC ബസ്, ആനവണ്ടി 'അമ്മവണ്ടി'യായി

Updated on

ആലപ്പുഴ: പാതിരാത്രി ഒറ്റയ്ക്ക് വഴിയിൽ ഇറങ്ങിയ പെൺകുട്ടിക്ക് കൂട്ടു നിന്ന് കെഎസ്ആർടിസി ബസ്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റാണ് വഴിയിൽ ഇറങ്ങിയ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കിയത്. ചേർത്തലും എസ്എൻ പുരവും കടന്നുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് പെൺകുട്ടി ഇറങ്ങിയത്. അപ്പോൾ സമയം 12 മണിയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആള് വരാൻ വൈകിയതോടെ അവർ വരുന്നതുവരെ കൂട്ടു നിൽക്കുകയായിരുന്നു. അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ- എന്ന് പറഞ്ഞുകൊണ്ടാണ് ബസ് വഴിയിൽ ഒതുക്കിയത്. വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞിട്ടും ആള് വന്നതിനു ശേഷമാണ് വണ്ടി എടുത്തത്. ആനവണ്ടി അമ്മവണ്ടിയായതിനെക്കുറിച്ച് മാധ്യമപ്രവർത്തകനായ ജുബിൻ ജേക്കബാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് പത്തനംതിട്ടയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു. വൈറ്റില ഹബ്ബിൽ രാത്രി 9:15നു വരേണ്ട ബസ്സ്‌ എത്തിയപ്പോൾ പത്തര കഴിഞ്ഞിരുന്നു. മുമ്പും സമാന അനുഭവം ഉണ്ടായതിനാൽ നല്ല ദേഷ്യവും തോന്നി. വണ്ടിയിൽ കയറി. മുന്നിലെ ഡോറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു എന്റേത്. ആലപ്പുഴ, ചങ്ങനാശ്ശേരി വഴിയാണ് പോകുന്നത്. അരൂർ കഴിഞ്ഞതും ഒന്നു മയങ്ങാൻ തുടങ്ങിയപ്പോൾ വണ്ടിയിൽ പാട്ട് മുഴങ്ങി.. അതും 'ദേവദുന്ദുഭി..'! അതോടെ ഉറക്കം പോയി. പിന്നെ ഏഴു സ്വരങ്ങളും, ശ്രീലതികകളും.. എന്നു വേണ്ട എൺപതുകളിലെ ഹിറ്റുകൾ ഓരോന്നായി വന്നപ്പോൾ എന്റെ ഉറക്കം എങ്ങോട്ടോ പോയി. ചേർത്തലയും കഴിഞ്ഞ്, എസ്.എൽ.പുരവും പിന്നിട്ട് കുറെ ചെന്നപ്പോൾ മുൻസീറ്റിലിരുന്ന ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേറ്റു. അപ്പോൾ സമയം പന്ത്രണ്ടായിരുന്നു. ആ കുട്ടി ഇറങ്ങാൻ നേരം ഡ്രൈവർ ചോദിച്ചു ''വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ..?''

''ഇല്ല.. ഞാൻ വിളിക്കുവാ..''എന്ന് കുട്ടി. ''ചേർത്തല കഴിഞ്ഞപ്പോ വിളിക്കാൻ മേലാരുന്നോ..?''എന്ന് കണ്ടക്ടറും ചോദിക്കുന്നു. കുട്ടി റോഡിലിറങ്ങി നിന്ന് ഫോൺ ചെയ്യുകയാണ്. അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലാണ് അവളുടെ വീട്. ഈ സമയം ഡ്രൈവർ ബസ്സ്‌ ഒതുക്കിനിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നുരണ്ട് KSRTC ജീവനക്കാരും മുൻസീറ്റിലുണ്ടായിരുന്നു. അവരും പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

''അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച് പോകാൻ പറ്റുമോ..? എന്നൊക്കെ അവർ പറയുന്നത് കേൾക്കാം. ബസ്സിലിരുന്ന ഒരാൾ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് ആള് വരുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടും, വഴിത്തലയ്ക്കൽ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയിൽ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകൾ.. ആനവണ്ടി അവൾക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മിൽ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാൽ ചങ്കും പറിച്ച് കൂടെ നിൽക്കും.. മനുഷ്യർ എന്ന നിലയിൽ ഏറെ വളർന്നുകഴിഞ്ഞ ഒരു നാടിന്റെ കഥയാണിത്.. എന്റെയും നിങ്ങളുടെയും കഥ. നമ്മുടെ ആനവണ്ടിയുടെയും കൂടി കഥ..

സർവ്വീസ് - കോഴിക്കോട് - പത്തനംതിട്ട

ബോണറ്റ് നമ്പർ - RPK 933

ഡ്രൈവർ - അരുൺകുമാർ

കണ്ടക്ടർ - സുനിൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com