പെണ്‍സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ മർദിച്ച സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ടിക്കറ്റ് മെഷ്യന്‍ ഉപയോഗിച്ച് യുവാവിന്‍റെ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദ്ദിക്കുകയും ചെയ്തു.
Video Screenshot
Video Screenshot
Updated on

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ ബസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെതിരെയാണ് കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചത്. സുരേഷിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് ബിഎംഎസ് യൂണിയൻ നേതാവ് കൂടിയായ സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവിന്‍റെ പരാതിയില്‍ കാട്ടാക്കട പൊലിസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റില്‍ ഇരിക്കുകയായിരുന്നു ഋതികും പെണ്‍ സുഹൃത്തും. ബസില്‍ കയറിയ സമയം മുതല്‍ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു. ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്കിന്‍റെ പരാതി.

അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷ്യന്‍ ഉപയോഗിച്ച് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദ്ദിച്ചുവെന്നുമാണ് യുവാവിന്‍റെ പരാതി. ബസില്‍ കയറാന്‍ എത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാറിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാള്‍ക്കെതിരേ നേരത്തെയും കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com