കെഎസ്ആര്‍ടിസി പണിമുടക്ക് പരാജയം; ഡയസ്നോൺ ഏറ്റു

കെഎസ്ആർടിസി സ്വിഫ്റ്റ് അടക്കമുള്ള സർവീസുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ല
KSRTC employees strike started; dies non announced
കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് അധികൃതർfile
Updated on

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 വരെ നീളും. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് (ടിഡിഎഫ്) പണിമുടക്കുന്നത്.

ഇതോടൊപ്പം യുഡിഎഫ് അനുകൂല യൂണിയനുകളും പ്രതിഷേധിക്കുന്നതിനാൽ ചൊവ്വാഴ്ച പല ഡിപ്പൊകളിലും സർവീസ് മുടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാൽ, സംസ്ഥാനത്ത് ഒരിടത്തും പണിമുടക്കിന് കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഭൂരിപക്ഷം സർവീസുകളും മുടക്കമില്ലാതെ തുടരുന്നു.

ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ കഴിഞ്ഞ ദിവസം സംഘടന നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പിന്മാറില്ലെന്നു യൂണിയൻ വ്യക്തമാക്കിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് നഷ്ടമാകുന്ന ഒരു ദിവസത്തെ ശമ്പളം യുഡിഎഫ് ഭരണത്തിൽ വന്നാൽ അനുവദിച്ചു നൽകിയിരിക്കുമെന്ന് സംഘടനാ നേതാവ് എം. വിൻസന്‍റ് എംഎൽഎ പറഞ്ഞു.

ചൊവ്വാഴ്ച ബദൽ മാർഗങ്ങൾ ഉറപ്പാക്കണമെന്ന് ഗതാഗത മന്ത്രിയും നിർദേശിച്ചിരുന്നു. പരമാവധി താത്കാലിക ജീവനക്കാരെ ഡ്യൂട്ടിക്ക് ഇറക്കി സർവീസുകൾ നടത്താനും ഹാജരാകാത്ത താത്കാലിക ജീവനക്കാരെ മാറ്റിനിർത്താനും ആരോഗ്യ അത്യാഹിതങ്ങളിൽ ഒഴികെ അവധി നൽകരുതെന്നുമാണ് നിർദേശം. അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ല എന്നതിനാൽ അവരെ ഉപയോഗിച്ച് സർവീസ് തടസപ്പെടാതെ ഷെഡ്യൂൾ തുടരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com