

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്
MV Graphics
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോഡ്. ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായ 76,00,000 രൂപയും ഉള്‍പ്പെടെ ആകെ 11.53 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ചത്. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16ന് 8.57 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. ടിക്കറ്റ് നിരക്കിൽ വര്‍ധന വരുത്താതെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് കെഎസ്ആര്‍ടിസി റെക്കോഡ് നേട്ടം കൈവരിച്ചത്.
ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും കൂട്ടായ പരിശ്രമങ്ങളാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടാൻ കെഎസ്ആര്‍ടിസിയെ സഹായിക്കുന്നതെന്ന് മാനെജിങ് ഡയറക്റ്റർ പി.എസ്. പ്രമോജ് ശങ്കര്‍ പറഞ്ഞു. പുതിയ ബസുകളുടെ വരവും സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും ലാഭത്തിലെത്തി. ടിക്കറ്റ് വരുമാനലക്ഷ്യം എത്തിപ്പിടിക്കാൻ ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും പരമാവധി ബസുകള്‍ നിരത്തിലിറക്കാനായതും ഈ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നും പ്രമോജ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സെപ്റ്റംബറിലും കെഎസ്ആർടിസിക്ക് 10.19 കോടി പ്രതിദിന വരുമാനം ലഭിച്ചിരുന്നു.