രൂപമാറ്റങ്ങളുമായി നവകേരള ബസ് വീണ്ടും നിരത്തിൽ; യാത്രാനിരക്കിലും ഇളവ് | Video

11 സീറ്റുകൾ അധികമാക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്- ബംഗളൂരു റൂട്ടിലായിരിക്കും നവകേരള ബസ് സർവീസ് നടത്തുക.

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് കുറച്ചും സീറ്റുകളുടെ എണ്ണം കൂട്ടിയും വീണ്ടും സർവീസിനൊരുങ്ങുകയാണ് കെഎസ്ആർടിസിയുടെ നവകേരള ബസ്. കഴുത്തറുപ്പൻ നിരക്കും ഗുണകരമല്ലാത്ത സമയക്രമവും മൂലം നേരത്തെ യാത്രക്കാർ കൈയൊഴിഞ്ഞ ബസിനെ രൂപമാറ്റം വരുത്തി ബംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ഉടൻ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ടിക്കറ്റ് ചാർജ് കുറയ്ക്കുന്നതിനൊപ്പം സമയക്രമത്തിൽ മാറ്റം വരുത്താനും ആലോചനയുണ്ടെന്നും കെഎസ്ആർടിസി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. 26 സീറ്റുകൾ എന്നത് 37 ആയി ഉയർത്തിയിട്ടുണ്ട്. ശുചിമുറി നിലനിർത്തിയെങ്കിലും വാഷ് ഏരിയ ഒഴിവാക്കി. രണ്ട് ഡോറുകളിൽ പിൻഭാഗത്തെ ഡോറും ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കി. 1280 രൂപയായിരുന്നു ബസിന്‍റെ ടിക്കറ്റ് ചാർജ്. എന്നാൽ ഇത് 930 രൂപയാക്കി കുറയ്ക്കാനാണ് ആലോചന. ബംഗളൂ​രുവിൽ നിന്നും യാത്രക്കാരുമായി കോഴിക്കോടെത്തിയ ബസിന് ഈ നിരക്കാണ് ഈടാക്കിയത്. അതേസമയം സർവീസ് എന്നാരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബര ബസ് വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം​ മുടക്കി ബസ് വാങ്ങിയത് വിവാദമായിരുന്നു. നവകേരള യാത്രയ്ക്കു​ ശേഷം ബസ് ലക്ഷ്വറി സർവീസിനായി കെഎസ്ആർടിസിക്ക് കൈമാറി. 2024 ജൂണിലാണ് വിവാദ താരമായ നവ കേരള ബസ് പൊതുജനങ്ങൾക്കായി നിരത്തിലിറക്കിയത്. കോഴിക്കോട് - ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചെങ്കിലും അധിക നിരക്ക് മൂലം യാത്രക്കാർ സ്വീകരിച്ചില്ല. യാത്രക്കാർ കൈയൊഴിഞ്ഞതോടെ ബസ് ഒതുക്കിയിട്ടു. ഇതും വിവാദമായി. തുടർന്നാണ് രൂപമാറ്റം വരുത്താനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. നവീകരിച്ച ബസ് കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചെങ്കിലും പുതിയ സർവീസ് വിവരങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com