കെഎസ്ആർടിസി: പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ ബസിലെത്തും

കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ച് പ്രവർത്തനം പരിശോധിക്കുകയും ജീവനക്കാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു
KSRTC officials to collect complaint from passengers

KSRTC

Representative image
Updated on

തിരുവനന്തപുരം: കെസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ടറിഞ്ഞ് നടപടിയെടുക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ ബസുകളിലെത്തും.

സിഎംഡി സ്ക്വാഡ് ഇൻസ്പെക്റ്റർമാർ പരിശോധന നടത്തുമ്പോൾ യാത്രക്കാരോട് പരാതിയും അഭിപ്രായങ്ങളും ചോദിച്ച് നടപടിയെടുക്കണമെന്ന മന്ത്രിയുടെ നിർദേശത്തിനു പിന്നാലെ തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ പി.എസ്. പ്രമോജ് നേരിട്ടിറങ്ങി യാത്രക്കാരോട് അഭിപ്രായങ്ങൾ ചോദിച്ചു. ബസ് സർവീസ് സംബന്ധിച്ച പരാതികളും നിർദേശങ്ങളുമാണ് സിഎംഡി ചോദിച്ചറിഞ്ഞത്.

നഗരത്തിലൂടെ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലായിരുന്നു ഉച്ചയോടെ സിഎംഡിയും ഉദ്യോഗസ്ഥരും കയറിയത്. കെഎസ്ആർടിസി ഓക്കെയാണോ എന്ന ചോദ്യവുമായി യാത്രക്കാരെ സമീപിച്ച അദ്ദേഹത്തോട് കൂടുതൽ പേരും ഓക്കെയല്ലെന്നും നന്നാവാനുണ്ടെന്നുമുള്ള മറുപടിയാണ് നൽകിയത്. കൈ കാണിച്ചാൽ ബസ് നിർത്താറില്ലെന്ന് ആദ്യ യാത്രക്കാരി പരാതി പറഞ്ഞപ്പോൾ ജീവനക്കാർക്ക് വേണ്ട നിർദേശം നൽകാമെന്ന് സിഎംഡി ഉറപ്പ് നൽകി.

ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു സ്ത്രീകളുടെ പരാതികൾ. സർവീസുകൾ സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോൾ മധ്യവയസ്കയായ ഒരാൾ ഗുഡ് എന്നും ഒരാൾ തരക്കേടില്ലെന്നുമാണു മറുപടി നൽകിയത്. സർവീസുകളിൽ കുറവുണ്ടെന്ന് വിതുര സ്വദേശിയായ യുവാവ് പറഞ്ഞപ്പോൾ നിലവിലെ സർവീസിലെ പോരായ്മകളാണ് പരിശോധിക്കുന്നതെന്നും മറ്റു പ്രശ്നങ്ങൾ പരിശോധിക്കാമെന്നും സിഎംഡി മറുപടി നൽകി. മറ്റ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ യാത്രക്കാരെ കേൾക്കാനെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

കെഎസ്ആർടിസിയുടെ പരാതി അറിയിക്കാനുള്ള ഫോൺ നമ്പർ പ്രവർത്തിക്കാതായതോടെ മന്ത്രി തന്നെ നേരിട്ട് വിളിച്ച് കൺട്രോൾ റൂം പ്രവർത്തനം പരിശോധിക്കുകയും ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബസുകളിൽ നേരിട്ടെത്തുന്ന സ്ക്വാഡ് ജീവനക്കാർ അഭിപ്രായവും തേടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com