കെഎസ്ആർടിസി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ
കെഎസ്ആർടിസി ബസുകൾ വൈകിയതു മൂലം യാത്ര തടസപ്പെട്ടാൽ ടിക്കറ്റ് നിരക്ക് തിരികെ നൽകും. രണ്ടു മണിക്കൂറിൽ കുടുതൽ ബസ് വൈകിയോലോ, മുടങ്ങുകയോ ചെയ്താൽ യാത്രക്കാർക്ക് തുക തിരികെ ആവശ്യപ്പെടാം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തുക തിരികെ ലഭിക്കും. സിഎംഡി പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വാഹനാപകടം, സാങ്കേതിക തകരാർ എന്നിവ മൂലം യാത്ര പൂർത്തിയാകാനാവാതെ വരുന്ന സാഹചര്യങ്ങളിൽ തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെ നൽകും. ഇതിനാവശ്യമായ റിപ്പോർട്ട് ബന്ധപ്പെട്ട ഇൻസ്പെക്‌ടർ ഉടൻ നൽകണം. തുക തിരികെ നൽകുന്നതിൽ വീഴ്ച വന്നാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കും.
റിസർവേഷൻ സംവിധാനത്തിലെ പിഴവുകൾക്കും ഉപഭോക്താവിന് തുക തിരികെ ലഭിക്കും. യാത്രക്കാരന്‍റെ വിശദാംശങ്ങൾ ചാർട്ടിൽ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന് പറയുന്നു. മാത്രമല്ല. റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരരെ കയറ്റാൻ കഴിഞ്ഞില്ലെങ്കിലും ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും.
യാത്രക്കിടെ ഓൺലൈൻ ടിക്കറ്റ് ഹാജരാക്കാൻ കഴിയാതെ വന്നാൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയും ഈ സാഹചര്യത്തിൽ അടിസ്ഥാനനിരക്കിന്‍റെ 50 ശതമാനം വരെ തിരികെ ലഭിക്കും. യാത്ര ചെയ്തില്ലെങ്കിൽ റീഫണ്ട് നൽകും. സൂപ്പർ ക്ലാസ് സർവീസുകൾക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കിൽ അതിന്‍റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ശേഷിക്കുന്ന തുക തിരികെ നൽകും.