ജില്ലാ പൂൾ പ്രകാരം ടി.ആർ 267 എന്ന നമ്പറിലേക്ക് മാറിയ തൃശൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റിൽ ഡിപ്പോ കോഡായ ടിഎസ്ആർ എന്ന് മാറ്റി രേഖപ്പെടുത്തിയിരിക്കുന്നു. ഡിപ്പോ കോഡ് വന്നതോടെ ജില്ലാ പൂൾ നമ്പർ ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ പൂൾ പ്രകാരം ടി.ആർ 267 എന്ന നമ്പറിലേക്ക് മാറിയ തൃശൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റിൽ ഡിപ്പോ കോഡായ ടിഎസ്ആർ എന്ന് മാറ്റി രേഖപ്പെടുത്തിയിരിക്കുന്നു. ഡിപ്പോ കോഡ് വന്നതോടെ ജില്ലാ പൂൾ നമ്പർ ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി കോഡ് പരിഷ്കരണം പിൻവലിച്ചു, സർവീസുകൾ വീണ്ടും ഡിപ്പോ അടിസ്ഥാനത്തിൽ

ഭരണ സംവിധാനത്തിലെ പാളിച്ചകളും ഡിപ്പോ കോഡ് ഒഴിവാക്കിയതുമൂലം ജീവനക്കാർക്കുപോലും ബസുകൾ തിരിച്ചറിയാനാകാത്തതും പരിഗണിച്ചാണ് പഴയ രീതിയിലേക്കുള്ള മടക്കം

പി.ബി. ബിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ജില്ലാടിസ്ഥാനത്തിൽ ഏകീകരിച്ച് സർവീസ് നടത്തിയിരുന്ന ജില്ലാ കോമൺ പൂൾ (ഡിസിപി) അവസാനിപ്പിക്കുന്നു. ബിജു പ്രഭാകർ സിഎംഡിയായി എത്തിയശേഷം 2022 ഫെബ്രുവരിയിലാണു കോർപ്പറേഷന്‍റെ വിവിധ യൂണിറ്റുകൾ-ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ഭരണ സംവിധാനം പൊളിച്ച് ഡിസിപി ഏർപ്പെടുത്തിയത്. ഇതുപ്രകാരം ബസുകളുടെ ഡിപ്പോ കോഡ് ഒഴിവാക്കി ജില്ലാ പൂൾ അടിസ്ഥാനത്തിൽ നമ്പർ നൽകി.

എന്നാൽ, ഭരണ സംവിധാനത്തിലെ പാളിച്ചകളും ഡിപ്പോ കോഡ് ഒഴിവാക്കിയതുമൂലം ജീവനക്കാർക്കുപോലും ബസുകൾ തിരിച്ചറിയാനാകാത്തതും പരിഗണിച്ചാണ് പഴയ രീതിയിലേക്കുള്ള മടക്കം. ബസുകളിൽ വീണ്ടും ഡിപ്പോ കോഡ് രേഖപ്പെടുത്താൻ പുതിയ സിഎംഡി പ്രമോജ് ശങ്കർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കോഡ് മാറ്റാനുള്ള തിരക്കിട്ട പണികളിലാണ് കെഎസ്ആർടിസി ജീവനക്കാർ.

ബസുകളിൽ ഡ്രൈവർ ഇരിക്കുന്ന ഭാഗത്ത് കെഎസ്ആർടിസിയുടെ പൊതുവായ കോഡിനും നമ്പരിനും താഴെയും അകത്ത് ഡെസ്റ്റിനേഷൻ ബോർഡിലും പിൻഭാഗത്ത് നമ്പറിനോട് ചേർത്തുമാണ് ഡിപ്പോകളുടെ പേരിന്‍റെ ചുരുക്കെഴുത്തായി കോഡ് രേഖപ്പെടുത്തുന്നത്. ബസുകളിൽ കോഡ് എഴുതിയോ എന്നുറപ്പാക്കാൻ ഡിപ്പോകളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മുഴുവൻ വണ്ടികളിലും എത്രയുംവേഗം മാറ്റം പൂർത്തിയാക്കണമെന്ന നിർദേശം പാലിക്കാനുള്ള ജാഗ്രതയിലാണ് അധികൃതർ.

ജില്ലാ-സബ് ജില്ലാ പൂളിലെ മെക്കാനിക്കൽ ജോലി ചെയ്യുന്ന ജീവനക്കാരെയടക്കം പഴയ രീതിയിലേക്ക് പുനർവിന്യസിക്കാനും ജോലികൾ അതത് യൂണിറ്റിൽ ചെയ്യുന്ന തരത്തിലേക്ക് മാറ്റാനും തീരുമാനമായി. 734 പേരെ മാറ്റി നിയമിച്ച് ഉത്തരവും ചൊവ്വാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.

ബിജു പ്രഭാകർ കൊണ്ടുവന്ന പരിഷ്കാരം കോർപ്പറേഷന് കാര്യമായ പുരോഗതിയുണ്ടാക്കിയില്ലെന്ന് മാത്രമല്ല സർവീസുകളിൽ യാത്രക്കാർക്ക് ആശങ്കയുണ്ടാകുന്നെന്നും ജീവനക്കാർ പലതവണ പരാതി നൽകിയിരുന്നു. ഭരണ സംവിധാനം ഉൾപ്പടെ പ്രതിസനിധിയിലാണെന്ന് വിവിധ യോഗങ്ങളിൽ യൂണിയൻ പ്രതിനിധികളും ഇക്കാര്യങ്ങൾ മാനേജ്മെന്‍റിനെ ധരിപ്പിച്ചിരുന്നു. കോർപ്പറേഷന് പുതിയ മന്ത്രിയും സിഎംഡിയും എത്തിയതോടെയാണ് പരിഷ്കാരം പിൻവലിക്കാൻ നടപടിയാവുന്നത്.

യാത്രക്കാർക്കും നേട്ടം

ഡിപ്പോ കോഡ് തിരിച്ചെത്തുമ്പോൾ ബസ് ഏത് സ്ഥലത്ത് നിന്ന് വരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നതടക്കം ഗുണമുണ്ടെന്നു ജീവനക്കാർ പറയുന്നത്. അടുത്ത ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ അത് ഉപകാരപ്പെടും. കൂടാതെ, എന്തെങ്കിലും ഒരു സാധനം ബസിൽ വച്ച് മറന്നാൽ ആ ഡിപ്പോയിലേക്കു വിളിച്ച് കാര്യം ബോധിപ്പിക്കാം. ടിക്കറ്റ് കൈയിൽ ഇല്ലാത്ത അവസരങ്ങളിൽ ബസ് ഏതായിരുന്നെന്ന് തപ്പി നടക്കണ്ട. ഭക്ഷണത്തിനായി ബ്രേക്ക്‌ എടുത്ത് ബസിൽ തിരിച്ച് കേറാൻ വരുമ്പോൾ ഒരേ സ്ഥലത്തേക്കുള്ള ഒന്നിൽ കൂടുതൽ വണ്ടി ഉണ്ടെങ്കിൽ ഡിപ്പോ മാർക്കിങ് ഉപയോഗിച്ചും വണ്ടി പെട്ടെന്ന് തിരിച്ചറിയാനാകുമെന്നും ഡിപ്പോ മാർക്കിങ് തിരിച്ച് കൊണ്ടുവന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.