

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷ സമയത്തെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്റ്റോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മൾട്ടി ആക്സിൽ എസി ബസുകളാണ്.
കേരളത്തിലെ ഡിപ്പോകളിൽ നിന്ന് തിരികെ വിവിധ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസുകളുണ്ടാകും. പാലാ, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുമാണ് സർവീസുകൾ ലഭ്യമാകുക.
ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മൾട്ടി ആക്സിൽ എസി ബസിലാണ്. ഇതിൽ ചില റൂട്ടുകളിൽ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.
www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എന്‍റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി എടുക്കാവുന്നതാണ്. ഇതിനു പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്സാപ്പ് ടിക്കറ്റിങ് സൗകര്യവും ലഭിക്കും. കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യാം.