
കെഎസ്ആർടിസിയുടെ 'ഓർമ എക്സ്പ്രസ്': ആദ്യ യാത്രക്കാരായി മന്ത്രിക്കൊപ്പം പ്രിയദർശനും മണിയൻ പിള്ള രാജുവും നന്ദുവും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറങ്ങി. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും നന്ദുവും ഹരി പത്തനാപുരവും ഗതാഗത മന്ത്രി ഗണേഷ് കുമാറിനോടൊപ്പം സഞ്ചരിച്ചു. ബുധനാഴ്ചയും ഓർമ എക്സ്പ്രസ് ഉണ്ടായിരിക്കും.
കെഎസ്ആർടിസിയുടെ നല്ല നാളെ ലക്ഷ്യമിടുന്ന റീബ്രാൻഡിങ്ങിന്‍റെ ഭാഗമായാണ് ഓർമകളിലേക്കുള്ള ഈ യാത്ര. കനകക്കുന്നിൽ വെള്ളി മുതൽ ഞായർ വരെ നടക്കുന്ന കെഎസ്ആർടിസി ഓട്ടോ എക്സ്പോയ്ക്കു വിളംബരം കൂടിയായിരുന്നു ഈ യാത്ര. കവടിയാർ സ്ക്വയറിൽ നിന്ന് പുറപ്പെട്ട ‘ഓർമ എക്സ്പ്രസ്’ രാജ്ഭവൻ, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി യാത്ര ചെയ്ത് നിയമസഭയ്ക്കു മുന്നിൽ അവസാനിച്ചു.
“ചെങ്ങളൂർ ജങ്ഷനിൽ നിന്നു താൻ കയറുന്ന അതേ കെഎസ്ആർടിസി സ്റ്റുഡന്‍റ് ഒൺലി ബസിൽ ഇന്നത്തെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ഫുട്ബോർഡിൽ നിന്നാകും യാത്ര ചെയ്യുന്നത്”- കോളേജിലേക്കുള്ള ബസ് യാത്ര ഓർമിച്ച് പ്രിയദർശൻ പറഞ്ഞു.
വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ റൂട്ടുകളിൽ കലാ- സാഹിത്യ- കായിക- ശാസ്ത്ര രംഗത്തെ പ്രശസ്തരായ മലയാളികൾ ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
“കെഎസ്ആർടിസി മലയാളിയുടെ നൊസ്റ്റാൾജിയയും അഹങ്കാരവുമാണ്. മലയാളത്തിലെ കലാകരന്മാരും സാഹിത്യകാരന്മാരും പ്രതിഭകളുമായ പലരുടേയും ജീവിതം കെഎസ്ആർടിസിയുമായി തൊട്ടു നിൽക്കുന്നതാണ്. പഠനകാലത്ത് അവരെല്ലാം ഈ ബസുകളിലായിരുന്നു. അന്നത്തെ അനുഭവങ്ങൾ ഓർമ എക്സ്പ്രസിലൂടെ ഇനിയും വരും. അന്നത്തെ ബസിലെ പ്രണയങ്ങൾ, ബസിൽ പ്രണയിച്ച് വിവാഹം കഴിച്ചവർ അവരെല്ലാം വരും ദിവസങ്ങളിൽ ഓർമ എക്സ്പ്രസിൽ യാത്ര ചെയ്യും”- ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
“കേരളത്തിന്‍റെ ചക്രമാണ് കെഎസ്ആർടിസി. ‘ഓർമ എക്സ്പ്രസിൽ’ സഞ്ചരിക്കുന്ന കേരളത്തിന്റെ അഭിമാന താരങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സുപ്രധാനമാണ്. അവരുടെ യാത്രകൾ കെഎസ്ആർടിസിയിലാണ് ആരംഭിച്ചത്. പക്ഷെ അവർ ലോകത്തേക്ക് യാത്ര ചെയ്തവരും മികച്ച കണ്ടവരുമാണ്. അവർക്കെല്ലാം കേരളത്തിന്‍റെ പൊതുഗതാഗതത്തിനായി നിർദേശങ്ങൾ നൽകാനുണ്ടാകും”- മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കറും ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്തു.
1937ൽ ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്‍റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടറെ സൂപ്രണ്ടാക്കി ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് കെഎസ്ആർടിസി ആയി മാറിയത്. തിരുവതാംകൂർ- കൊച്ചി- മലബാർ എന്നിങ്ങനെ വ്യത്യസ്തമായിരുന്ന നാടിനെ ഐക്യ കേരളം എന്ന നിലയിൽ രൂപപ്പെടുത്തിയതിലും കെഎസ്ആർടിസിയുടെ ചരിത്രപരമായ സംഭാവനകളുണ്ട്- ഓർമ എക്സ്പ്രസ് കെഎസ്ആർടിസിയുടെ ഇത്തരം ചരിത്രത്തേയും പുതുതലമുറയ്ക്കു മുന്നിലെത്തിക്കും. കെഎസ്ആർടിസിയുടെ പ്രസക്തിയും ജനകീയതയും വർദ്ധിപ്പിക്കുന്ന ഓർമ എക്സ്പ്രസ് യാത്രയ്ക്ക് ജനങ്ങളും ആവേശകരമായ സ്വീകരണമാണ് നൽകിയത്.