കെഎസ്‌യു ക്യാംപ്: സംഘർഷത്തിലേക്ക് നയിച്ചത് ഭാരവാഹികളുടെ പക്വതയില്ലായ്മ

ക്യാംപിന്‍റെ പ്രതിനിധികളെ നിശ്ചയിച്ചതിൽ പാളിച്ചയുണ്ടായി
ksu
ksu

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ക്യാംപ് പൂർണ പരാജയമെന്ന് കെപിസിസി അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ‌, പഴകുളം മധു, ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എ.കെ. ശശി തുടങ്ങിയവർ ഉൾപ്പെട്ട അന്വേഷണ സമിതി, കെപിസിസി അധ്യക്ഷൻ‌ കെ. സുധാകരന് റിപ്പോർട്ട് കൈമാറി. വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു.

നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച സമിതി കർശനമായ അച്ചടക്ക നടപടിക്കാണ് ശുപാർശ ചെയ്തിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും പരിപാടികളിൽ ഭാരവാഹികളുടെ ഭാഗത്തുനിന്നും അച്ചടക്കരാഹിത്യമുണ്ടായെന്നും റിപ്പോർ‌ട്ട് ചൂണ്ടിക്കാട്ടുന്നു. ക്യാംപിന്‍റെ പ്രതിനിധികളെ നിശ്ചയിച്ചതിൽ പാളിച്ചയുണ്ടായി. ക്യാംപ് ഡയറ‍ക്ടറോ മറ്റു മേൽനോട്ടമോ ഇല്ലാതെയാണ് ക്യാംപ് നടന്നത്. ഭാരവാഹികളുടെ പക്വതയില്ലായ്മ സംഘർഷത്തിലേക്ക് നയിച്ചു.

നെടുമങ്ങാട് ബ്ലോക്ക് കെഎസ്‍യു കമ്മിറ്റിയ്ക്ക് കീഴിലുള്ള ഭാരവാഹികൾ തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. നെടുമങ്ങാട് ഗവ. കോളെജ് കെഎസ്‍യു യൂണിയനാണ് ഭരിക്കുന്നത്. കോളെജ് ഭാരഹാഹികൾ തമ്മിൽ ചേരിതിരിവുണ്ട്. ഒരു വിഭാഗത്തിന്‍റെ അനുമതിയില്ലാതെ മറ്റൊരു വിഭാഗത്തിൽപ്പെട്ടവർ വാട്സാപ്പ് ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർത്തത് വലിയ വിഷയമായിരുന്നു.

ഇതിനെപ്പറ്റിയുള്ള സംസാരമാണ് ക്യാംപിൽ കൂട്ടത്തല്ലായി മാറിയത്. കാര്യമില്ലാത്ത കാര്യത്തിനാണ് സംഘടനയ്ക്ക് പൊതുമധ്യത്തിൽ നാണക്കേടുണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിഷമവും അമർഷവും കാരണം കെഎസ്‍യു പാറശാല ബ്ലോക്ക് പ്രസിഡന്‍റ് കൈ ജനാലയിൽ ഇടിക്കുകയായിരുന്നു. ഇങ്ങനെയാണ് രാജീവ് ഗാന്ധി സെന്‍ററിന്‍റെ ജനാലയിലെ ചില്ലു പൊട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രസിഡന്‍റിന്‍റെ ഡാൻസ് സംഭവദിവസത്തേത്ത് അല്ലെന്നും തലേദിവസം രാത്രിയിലേതാണെന്നുമാണ് നേതാക്കൾ പറയുന്നത്. 101 പേരടങ്ങിയ ജംബോ കമ്മിറ്റി പൊളിച്ചുപണിയണമെന്നും കെഎസ്‍യുവിൽ സമൂലം മാറ്റം വേണമെന്നും അടക്കമുള്ള നിർദ്ദേശങ്ങൾ വിശദ റിപ്പോർട്ടിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com