
സതീശനെതിരേ നിൽക്കുന്നത് കുലംമുടിക്കുന്ന വെട്ടുകിളികൾ; സ്ത്രീകളുടെ മാനത്തിന് വില പറയുന്നവൻ പാർട്ടിക്ക് പുറത്തെന്ന് കെഎസ്‌യു നേതാവ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി കെഎഎസ്‌യു നേതാവ്. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ.എം. കൃഷ്ണലാലാണ് ഫെയ്സ് ബുക്കിലൂടെ വിമർശനവുമായി രംഗത്തെത്തിയത്.
പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത്, അതാണ് പാർട്ടി നിലപാടെന്നും സോഷ്യൽ മീഡിയയിലെ റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവനല്ല വി.ഡി. സതീശൻ എന്നും കൃഷ്ണ ലാൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
പാർട്ടി പ്രവർത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവൻ ആരായാലും ശരി അവൻ പാർട്ടിക്ക് പുറത്ത്, അതാണ് പാർട്ടി നിലപാട്.
പാർട്ടി ഒറ്റക്കെട്ടായി കൂടിയാലോചന നടത്തി നടപടിയെടുത്ത ഒരു വിഷയത്തിനുമേൽ കെപിസിസി നേതൃത്വത്തെയും വി.ഡി. സതീശനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സോഷ്യൽ മീഡിയയിലെ ഫെയ്സ്ബുക്ക് താളികളിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുലം മുടിക്കാനായി മാത്രമായി ഇറങ്ങിത്തിരിച്ച വെട്ടുകിളികൂട്ടങ്ങളോട് പറയാനുള്ളത് നിന്‍റെയൊക്കെ വീട്ടിലെ ഭാര്യമാരുടെയും മക്കളുടെയും പെങ്ങന്മാരുടെയും മാനത്തിന് പാർട്ടി ലേബൽ ഉപയോഗിച്ച് വിലപറയാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് കൂടിയുള്ള താക്കീതാണ് പാർട്ടി നൽകിയതെന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യൽ മീഡിയ നേതാക്കന്മാർക്ക് ഉണ്ടാകണം.
സോഷ്യൽ മീഡിയയിലെ റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവനല്ല വി.ഡി. സതീശൻ എന്ന് നിങ്ങൾ ഓർത്തോളണം.
ഏതെങ്കിലും നേതാവിന്‍റെ അജണ്ട നടപ്പാക്കാനും, പാർട്ടി ലേബൽ ഉപയോഗിച്ച് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന, പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള വെട്ടുകിളി കൂട്ടങ്ങൾക്ക് പൂട്ടിടാൻ കെപിസിസി തയ്യാറാവണം അല്ലാത്തപക്ഷം ഇത്തരക്കാരെ പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകർ ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരും.
ശരിയാണ് വി.ഡി. സതീശൻ
ശരിയാണ് കെപിസിസി
അഭിമാനമാണ് പാർട്ടി