
വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്‌യു പഠിപ്പ് മുടക്കും
representative image
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ (13) വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത്തിനെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാന വ‍്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.
സ്കൂളുകളിലേക്ക് കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ‍്യസ് സേവ‍്യർ പറഞ്ഞു.
കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവ കേരളം നിർമിക്കാനാണ് മുഖ‍്യമന്ത്രി ശ്രമിക്കുന്നതെന്നും സ്കൂൾ അധികൃതരും കെഎസ്ഇബിയും വിഷയത്തിൽ ഒരുപോലെ കുറ്റക്കാരാണെന്നും അലോഷ‍്യസ് കൂട്ടിച്ചേർത്തു.
വർഷങ്ങളായി സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് വൈദ‍്യുത ലൈൻ കിടക്കുന്നതെന്നും എന്നാൽ ലൈൻ കമ്പി മാറ്റുന്നതിനു വേണ്ടി നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്ന് പൂർവ വിദ‍്യാർഥികൾ തന്നെ വ‍്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.