കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിക്ക് ഇന്നു തുടക്കം

500 വനിതകൾക്കാണ് പരിശീലനം നൽകുക.
Kudumbashree K4 Care project started today
Kudumbashree K4 Care project started today
Updated on

തിരുവനന്തപുരം: ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ കെ 4 കെയർ പദ്ധതിക്ക് ഇന്നു തുടക്കം.

ആദ്യഘട്ടത്തിൽ വയോജന പരിചരണം, രോഗീ പരിചരണം, ഭിന്നശേഷി പരിചരണം, പ്രസവ ശുശ്രൂഷ തുടങ്ങി വിവിധ സേവനങ്ങളും പിന്തുണകളും ആവശ്യമായ കുടുംബങ്ങളിലേക്ക് ഇവ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തെരഞ്ഞെടുത്ത ആയിരത്തോളം കുടുംബശ്രീ വനിതകൾക്ക് രോഗീ പരിചരണമടക്കമുള്ള മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും. 500 വനിതകൾക്കാണ് പരിശീലനം നൽകുക. ഇവർ കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ എന്ന പേരിൽ ഏപ്രിൽ 15നകം പ്രവർത്തനസജ്ജമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഇന്ന് തിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളിൽ രാവിലെ 11.30ന് നിർവഹിക്കും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.

കേരളത്തിലെ ഗ്രാമ നഗര മേഖലകളിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും മികച്ച ഗാർഹിക പരിചരണം നൽകാൻ കഴിയുന്ന സംവിധാനങ്ങൾ ലഭ്യമാകാതെ പോകുന്ന അവസ്ഥയുണ്ട്. വീട്ടിൽ കിടപ്പു രോഗികളും ഭിന്നശേഷിക്കാരും ഉളളതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അനേകം സ്ത്രീകളുമുണ്ട്. പ്രൊഫഷണൽ പരിശീലനം നേടിയ കെ 4 കെയർ എക്‌സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാകുന്നതോടെ സ്ത്രീകൾക്ക് പുറത്ത് ജോലിക്ക് പോകാം. വയോധികർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരിചരണത്തിനും കൂട്ടിരിക്കാനും കെ 4 കെയർ എക്‌സിക്യൂട്ടീവുകളുടെ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ നിരവധി വനിതകൾക്ക് തൊഴിലവസരവും സൃഷ്ടിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പദ്ധതി കൂടുതൽ വിപുലീകരിക്കും. പദ്ധതിയുടെ ഭാഗമായി എക്‌സിക്യൂട്ടീവുകളുടെ സേവനം ആവശ്യമുള്ളവർക്ക് വിളിക്കാനുള്ള കോൾ സെൻറർ സംവിധാനം ഉടൻ സജ്ജമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com