കേരളത്തിന്‍റെ ഉരുൾപൊട്ടൽ സാധ്യതാ മാപ്പ് തയ്യാറാക്കി കുഫോസ് ശാസ്ത്രജ്ഞർ

പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങൾ ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
KUFOS scientists have prepared the landslide susceptibility map of Kerala
KUFOS scientists have prepared the landslide susceptibility map of Kerala

കൊച്ചി: കേരളത്തിൽ ഉരുൾപൊട്ടലും മലയിടിച്ചലും സംഭവിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കുന്നതിൽ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞർ വിജയിച്ചു. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ നടത്തിയ ബഹിരാകാശ നിരീക്ഷണ ഫലങ്ങളിൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ഡീപ് ലേണിങ്ങ് ടെക്നോളജി ഉപയോഗിച്ച് നടത്തിയ അപഗ്രഥത്തിന് ഒടുവിലാണ് കേരളത്തിന്‍റെ ഉരുൾപൊട്ടൽ സാദ്ധ്യത മാപ്പ് കൃത്യമായി തയ്യാറാക്കിയത്.

കുഫോസിലെ ക്ളൈമറ്റ് വാരിയബിലിറ്റി ആന്‍റ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം മേധാവി ഡോ.ഗിരീഷ് ഗോപിനാഥ് ഗവേഷണത്തിന് നേതൃത്വം നൽകി. ഗവേഷണ വിദ്യാർത്ഥിയായ എ.എൽ.അച്ചുവും പഠനത്തിൽ പങ്കെടുത്തു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജിയും അമേരിക്കയിലെ മിഷിഗൺ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും പഠനത്തിന് സാങ്കേതിക സഹായം നൽകി.

പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങൾ ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.ഇടുക്കി, പത്തനംതിട്ട,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതിൽ ഭൂരിഭാഗം പ്രദേശങ്ങളും. കനത്ത മഴയോടൊപ്പം അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിർമ്മാണത്തിനായി കുത്തനെ മല ഇടിക്കുന്നത്, വൻതോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഈ ജില്ലകളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിന് കാരണം. 2018 ലെ പ്രളയത്തിന് കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശ്ശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ഹൈറേഞ്ചുകളിൽ 600 മീറ്ററിന് മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനവും ഉരുൾപൊട്ടലിന്‍റെ ഭീഷണിയാണ്. ഇതിൽ തന്നെ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി തോത് വളരെ കൂടുതലാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഇവിടങ്ങളിൽ ഉരുൾപൊട്ടൽ ഒഴിവാക്കാനുള്ള പോംവഴിയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com