പഴയ സുഹൃത്തുക്കളുമായി വനവാസത്തിനു പോയ കുങ്കിയാനയെ വനംവകുപ്പ് തിരിച്ചെത്തിച്ചു

പാപ്പാന്മാരുടെ ഏറെ നേരത്തെ ശ്രമഫലമായി ശ്രീനിവാസനെ തിരിച്ചെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ കാട്ടാനകൾ ശ്രീനിവാസനെ തേടി ക്യാംപിലെത്തി.
പഴയ സുഹൃത്തുക്കളുമായി വനവാസത്തിനു പോയ കുങ്കിയാനയെ വനംവകുപ്പ് തിരിച്ചെത്തിച്ചു

കോയമ്പത്തൂർ: "പഴയ സുഹൃത്തുക്കളെ' കണ്ടപ്പോൾ പുതിയ ഉടമകളെ മറന്നു വനവാസത്തിനു പോയ കുങ്കിയാന തമിഴ്നാട് വനംവകുപ്പിന് തലവേദനയായി. പന്തല്ലൂർ മേഖലയിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ നിയോഗിച്ച കുങ്കിയാന ശ്രീനിവാസനാണു പാപ്പാന്മാരുടെ കണ്ണുവെട്ടിച്ച് കാടുകയറിയത്. കാട്ടാനകൾക്കൊപ്പമായിരുന്ന ശ്രീനിവാസനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ തിരികെ ആനക്യാംപിലെത്തിച്ചു. എന്നാൽ, പിന്നാലെ കാട്ടാനകളെത്തിയത് പരിഭ്രാന്തിയുയർത്തി. വ്യാഴാഴ്ച രാത്രിയാണു സംഭവം. പന്തല്ലൂർ, ഇരുമ്പ് പാലം മേഖലകളിൽ ദിവസങ്ങളായി ജനജീവിതത്തിനു ഭീഷണിയുയർത്തുന്ന കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകളെ തുരത്താനാണു തമിഴ്നാട് വനം വകുപ്പ് മുതുമല തെപ്പക്കാട് ക്യാംപിൽ നിന്ന് വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചത്.

വ്യാഴാഴ്ച രാത്രി‌ കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നു. എട്ടു മണിയോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് പരന്നു. ഇതു മാറിയപ്പോൾ ശ്രീനിവാസനെ കാണാതായി. ഉടക്കി വച്ചിരുന്ന കല്ലിൽ നിന്നു ചങ്ങല വേർപെടുത്തിയാണ് ആന പോയത്.

മറ്റു കുങ്കിയാനകളുമായി പാപ്പാന്മാർ നടത്തിയ തെരച്ചിലിൽ രാത്രി പന്ത്രണ്ടോടെ ശ്രീനിവാസനെ കാട്ടാനകൾക്കൊപ്പം കണ്ടെത്തി. പാപ്പാന്മാരുടെ ഏറെ നേരത്തെ ശ്രമഫലമായി ശ്രീനിവാസനെ തിരിച്ചെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ കാട്ടാനകൾ ശ്രീനിവാസനെ തേടി ക്യാംപിലെത്തി. ഇവയെ വനപാലകർ തുരത്തിയോടിക്കുകയായിരുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപ് പന്തല്ലൂർ മേഖലയിൽ നിന്നാണ് ശ്രീനിവാസനെയും തമിഴ്നാട് വനം വകുപ്പ് പിടികൂടിയത്. മുൻപ് താൻ കൂടി അംഗമായിരുന്ന ആനക്കൂട്ടത്തിനൊപ്പമാകും ശ്രീനിവാസൻ പോയതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com