
ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനജീവിതത്തിനു ഭീഷണിയായ കാട്ടാന "അരിക്കൊമ്പനെ' പിടികൂടാനെത്തിച്ച കുങ്കിയാനകളെ വനംവകുപ്പ് 301 കോളനിയിലേക്കു മാറ്റി. ചിന്നക്കനാൽ സിമന്റ്പാലത്തെ സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതും കുങ്കിയാനകളെ കാണാനെത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്നതുമാണു കാരണം. നിയമക്കുരുക്കിലായ ദൗത്യം അനിശ്ചിതമായി നീളുന്ന സാഹചര്യവും കണക്കിലെടുത്തു.
നാലു കുങ്കിയാനകളും ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ ഇരുപത്തഞ്ചോളം പേരായിരുന്നു സിമന്റ്പാലത്തെ കുങ്കിത്താവളത്തിലും ക്യാംപിലുമായി ഉണ്ടായിരുന്നത്.
കോളനിയില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകള്‍ക്കും ആനയിറങ്കല്‍ ജലാശയത്തിനും സമീപമാണ് പുതിയ ക്യാംപ്. കുങ്കിയാനകളുടെ പാപ്പാന്മാര്ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ വീടുകളിലാണ് താമസസൗകര്യം. സന്ദർശകർക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്താനാവില്ല. പുറത്തുനിന്നുള്ളവർക്ക് ഇവിടെ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇതു വരെ പത്തു ലക്ഷം രൂപ വനം വകുപ്പ് ചെലവഴിച്ചെന്നാണ് അറിയുന്നത്.
അതിനിടെ, ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നതു തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി മുഖേനയാണ് ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
അഞ്ചുദിവസത്തിനുള്ളിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തി അറിയിക്കണമെന്നാണ് ബുധനാഴ്ച ഹൈക്കോടതി നിർദേശിച്ചത്. പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നിർദേശത്തിനെതിരേ പ്രാദേശിക എതിർപ്പ് രൂക്ഷമായതോടെയായിരുന്നു ഹൈക്കോടതിയുടെ പുതിയ നിർദേശം. ഇത്ര കുറഞ്ഞ സമയത്തിൽ ഉചിതമായ സ്ഥലം കണ്ടെത്തുക പ്രയാസകരമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. ഇന്നു നെല്ലിയാമ്പതി പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പന്റെ സഞ്ചാരപാത അറിയാൻ അസമിൽ നിന്ന് വാങ്ങിയ സാറ്റലൈറ്റ് സംവിധാനമുള്ള വിഎച്ച്എഫ് (വെരി ഹൈ ഫ്രീക്വൻസി) ജിപിഎസ് റേഡിയോ കോളർ സംസ്ഥാനത്തെത്തി.