പ്രതി ധനേഷ്
കുറുപ്പംപടി: എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടികളെ ആൺ സുഹൃത്ത് പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്കറിയാവായിരുന്നെന്നും അതിനുള്ള അവസരങ്ങൾ പെൺകുട്ടികളുടെ അമ്മ തന്നെ ഒരുക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടികൾക്ക് അമ്മയും ആൺസുഹൃത്തും നിർബന്ധിച്ച് മദ്യം നൽകുമായിരുന്നു. ആൺസുഹൃത്തായ ധനേഷ് വീട്ടിലെത്തുമ്പോഴെല്ലാം മദ്യം കുടിപ്പിക്കുമായിരുന്നെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമേ അമ്മയ്ക്കെതിരേ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് വിവരം.
സഹോദരിമാർക്ക് പുറമേ ഇവരുടെ കൂട്ടുകാരികളേയും ധനേഷ് ലക്ഷ്യം വച്ചിരുന്നു. കൂട്ടുകാരികളിലൊരാളെ വീട്ടിലേക്ക് കൊണ്ടുവരാൻ നിരന്തരം ധനേഷ് ഇവരെ നിർബന്ധക്കുമായിരുന്നു. ഇതിനായി പെൺകുട്ടികളിലൊരാൾ അച്ഛന് നിന്നെ കാണണം എന്ന് പേപ്പറിലെഴുതി കൂട്ടുകാരിക്ക് കൊടുക്കുകയായിരുന്നു. ഇത് കണ്ട അധ്യാപിക കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോൾ പെൺകുട്ടി നടന്നതെല്ലാം തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
കുട്ടികളുടെ അച്ഛൻ രോഗാവസ്ഥയിലായിരുന്ന സമയത്താണ് അമ്മയും ആൺസുഹൃത്തും ബന്ധത്തിലാവുന്നത്. അച്ഛനെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചിരുന്നത് ധനേഷിന്‍റെ ടാക്സിയിലായിരുന്നു. തുടർന്ന് പിതാവ് മരിച്ചതോടെ ഇയാൾ പെൺകുട്ടികളുടെ വീട്ടിൽ താമസമാക്കുകയായിരുന്നു. 2023 മുതൽ പെൺകുട്ടികൾ തുടർച്ചയായി പീഡനത്തിനിരയായിരുന്നതായാണ് വിവരം. പോക്സോ വകുപ്പിന് പുറമേ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.