

തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യുജെ) അപലപിച്ചു.
'മറുനാടൻ മലയാളി' എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരേയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്വി ഇല്ലാത്ത നടപടിയാണിതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
ഓൺലൈൻ സ്ഥാപനത്തിനും ഉടമയ്ക്കും എതിരേ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം എന്നു തന്നെയാണു യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്ന് അവർ ഓർമിപ്പിച്ചു.