ബാംബൂ ഫാം ടൂറിസത്തിനുള്ള സാധ്യത ആരായും: ബാംബൂ കോർപ്പറേഷൻ സന്ദർശിച്ച് കെ. വി. തോമസ്

ബാംബൂ ടൈൽ, ബാംബൂ പ്ലൈ ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടുമെന്നും കെ വി തോമസ് അറിയിച്ചു
ബാംബൂ ഫാം ടൂറിസത്തിനുള്ള സാധ്യത ആരായും: ബാംബൂ കോർപ്പറേഷൻ സന്ദർശിച്ച് കെ. വി. തോമസ്

അങ്കമാലി: ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ സന്ദർശിച്ചു. ബാംബൂ കോർപ്പറേഷനെ വികസനപാതയിലേക്ക് കൊണ്ട് വരുന്നതിന് സഹായകമാകുന്ന പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്‌തു. മഹാരാഷ്ട്രയിൽ ദേശീയ പാതയിൽ മുളകൊണ്ട് ക്രാഷ് ബാരിയർ നിർമ്മിച്ച മാതൃകയിൽ ബാംബൂ കോർപ്പറേഷൻ മുഖാന്തരം ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ സാധ്യതകളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നു കെ വി തോമസ് അറിയിച്ചു.

അങ്കമാലിയിൽ ബാംബൂ കോർപ്പറേഷൻ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഇടത്തെ നാലേക്കറോളം വരുന്ന മുളങ്കാട്ടിൽ ബാംബൂ ഫാം ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യകൾ ആരായുമെന്നും ബാംബൂ ടൈൽ, ബാംബൂ പ്ലൈ ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടുമെന്നും കെ വി തോമസ് അറിയിച്ചു. ബാംബൂ കോർപ്പറേഷൻ ഹെഡ് ഓഫിസിൽ ചേർന്ന ആലോചനായോഗത്തിൽ കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി കെ മോഹനൻ, മാനേജിംഗ് ഡയറക്ടർ നജീബ് പി എ, ഫൈനാൻസ് മാനേജർ, മാർക്കറ്റിംഗ്‌ മാനേജർ, പ്രോജക്ട് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

മുള ഉൽപ്പന്നങ്ങളെ ജിഎസ്‌ടി യിൽ നിന്നും ഒഴിവാക്കുക, പൊതു മേഖല സ്ഥാപനമായ ബാംബൂ കോർപ്പറേഷൻ ഉൽപ്പന്നങ്ങൾ കേന്ദ്ര സർക്കാരിന്‍റെ വിവിധങ്ങളായ വകുപ്പുകൾ മുഖേന പർച്ചേസ് ചെയ്യുക, പരമ്പരാഗത ബാംബൂ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രാവിഷ്‌കൃത ഫണ്ടുകൾ അനുവദിക്കുക, ബാംബൂ കൃഷിയുടെയും വ്യവസായത്തിന്‍റെയും നടത്തിപ്പിനായി ബാംബൂ കോർപ്പറേഷനെ നോഡൽ ഏജൻസിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിന്‍റെ തുടർപ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലിയിലെ ബാംബൂ കോർപ്പറേഷൻ ഹെഡ് ഓഫീസിൽ എത്തിച്ചേർന്ന കെ വി തോമസിനെ ചെയർമാൻ ടി കെ മോഹനനും ജീവനക്കാരും ചേർന്ന് മുളയിൽ നിർമ്മിച്ച ബൊക്കേ നൽകിയാണ് സ്വീകരിച്ചത്. ബാംബൂ കോർപ്പറേഷന്‍റെ നല്ലളം ഫാക്ടറിയിൽ നിർമ്മിച്ച ബാംബൂ പ്ലൈ -ൽ എൻഗ്രേവ് ചെയ്ത കെ വി തോമസിന്‍റെ ഛായാചിത്രം മാനേജിംഗ് ഡയറക്ടർ നജീബ് പി എ യും മാനേജ്‌മെന്‍റ് സ്റ്റാഫ് അംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് നൽകി. ഇന്നോവേഷൻ സെന്‍ററും കെ വി തോമസ് സന്ദർശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com