

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രണ്ട് ദിവസത്തോളം രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാരിനോടു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. രണ്ടുമാസത്തിനുള്ളിൽ തുക കൈമാറണമെന്നും ഉത്തരവിലുണ്ട്.
2025 ജൂലൈ 13നാണ് പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗിയായ രവീന്ദ്രൻ നായർ 42 മണിക്കൂർ നേരമാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങി കിടന്നത്. തകരാറിലായ ലിഫ്റ്റ് പൂട്ടുകയോ അപായ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറാൻ കാരണയായത്. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതിൽ വീഴ്ച സംഭവിച്ചതായും മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. രവീന്ദ്രൻ നായരുടെ ജീവൻ അപകടത്തിലാവുമായിരുന്നെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. അതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അതേസമയം ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനും സർക്കാരിനോടു ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമേ രവീന്ദ്രൻ നായരും മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു.