ആനകളില്ലാതെ അമ്പാരിയില്ലാതെ...

നാട്ടാനകളുടെ എണ്ണം കുറയുമ്പോൾ, ഉത്സവത്തിന് എഴുന്നള്ളിക്കാൻ ആവശ്യത്തിന് കൊമ്പൻമാരില്ലാതെ ഉത്സവക്കമ്മിറ്റിക്കാർ പ്രതിസന്ധിയിൽ. 10 വർഷത്തിനുള്ളിൽ ആന എഴുന്നള്ളിപ്പ് തന്നെ ഇല്ലാതാകാം...
Elephants in a festival
Elephants in a festivalRepresentative image

നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ കരിവീരന്മാരെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഉത്സവങ്ങൾക്കു വേണ്ടി എത്ര ദിവസം ഉറക്കമൊഴിക്കാനും മടിയില്ലാത്തവരാണ് മലയാളികൾ. പക്ഷേ, അടുത്ത പത്തു വർഷത്തിനുള്ളിൽ ലക്ഷണമൊത്ത കൊമ്പനാനകളെ എഴുന്നള്ളിക്കുന്ന ഉത്സവാഘോഷങ്ങൾ പഴങ്കഥ മാത്രമായി മാറിയേക്കും. മെരുക്കി വളർത്തുന്ന നാട്ടാനകളുടെ എണ്ണം കുറയുന്നതാണ് ദക്ഷിണേന്ത്യയില ഉത്സവങ്ങൾക്ക് വെല്ലുവിളിയാകുന്നത്.

ലക്ഷക്കണക്കിനു പേരെ ആകർഷിക്കുന്ന തൃശൂർ പൂരത്തെ പോലും നാട്ടാനകളുടെ എണ്ണക്കുറവ് കാര്യമായി ബാധിച്ചേക്കുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതു മാത്രമല്ല, ഉത്സവത്തിനായി ആനയെ എഴുന്നള്ളിക്കാൻ നൽകേണ്ടി വരുന്ന വൻതുകയും ഉത്സവം നടത്തിപ്പുകാരെ വലയ്ക്കുന്നുണ്ട്. നാട്ടാനകളുടെ എണ്ണം കുറയുന്നത് ഉത്സവകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മാനേജർ എൻ.പി. ശ്യാം കുമാർ ചൂണ്ടിക്കാട്ടുന്നു.

പത്തു ദിവസങ്ങളിലായി 22 ആനയെഴുന്നള്ളിപ്പുകളാണ് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലുണ്ടാകാറുള്ളത്. ഇരുപതു വർഷത്തോളം ക്ഷേത്രത്തിൽ സ്ഥിരമായി എഴുന്നള്ളിച്ചിരുന്ന മൂന്ന് ആനകൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചരിഞ്ഞു. അതു മാത്രമല്ല കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഉത്സവത്തിനെത്തിക്കുന്ന ആനകൾക്കു നൽകേണ്ട തുകയിൽ മൂന്നിരട്ടി വർധനവാണുണ്ടായതെന്നും ശ്യാം കുമാർ. ഒരു ദിവസത്തേക്ക് ആനയെ ലഭിക്കാനായി ആദ്യം 30,000 രൂപ വരെയാണ് നൽകിയിരുന്നത്. ഇപ്പോഴത് ഒരു ലക്ഷം രൂപ വരെയായിരിക്കുന്നു. ഇനിയിപ്പോൾ ഇത്രയും വലിയ തുക നൽകാൻ തയാറാണെങ്കിൽ പോലും ആനയെ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളതെന്നും ശ്യാം കുമാർ. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ‌ ഒരു കാലത്ത് ഒമ്പത് ആനകളെ വരെ എഴുന്നള്ളിച്ചിരുന്നു. ഇപ്പോൾ ചടങ്ങുകൾക്കായി അഞ്ചാനകളെയൊക്കെയേ ലഭിക്കുന്നുള്ളൂ. ഈ വർഷം പല ദിവസങ്ങളിലും ഒരു ആന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശ്യാം കുമാർ.

ഒരു കാലത്ത് കേരളത്തിൽ ആയിരം നാട്ടാനകൾ വരെയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത് 400 ആയി കുറഞ്ഞിരിക്കുന്നു. അവയിൽ പലതിനെയും ഉടമസ്ഥർ ക്ഷേത്രോത്സവങ്ങൾക്ക് നൽകാറുമില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടു വരുന്നതിനായുള്ള വ്യക്തമായ നിയമങ്ങളുടെ അഭവാമാണ് പ്രധാന പ്രശ്നമെന്ന് കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്രനാഥ് പറയുന്നു.

2003ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി പ്രകാരം ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടു പോകുന്നതിൽ നിയന്ത്രണമുണ്ട്. പിന്നീട് 2022ൽ കേന്ദ്ര സർക്കാർ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. അതു പ്രകാരം മെരുക്കിയ ആനയെ മതപരമായ ചടങ്ങുകൾക്കോ മറ്റേതെങ്കിലും പരിപാടികൾക്കോ ആയി മറ്റു സംസ്ഥാനത്തിലേക്ക് കൊണ്ടു പോക‌ാൻ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള എല്ലാവർക്കും അനുമതി ലഭിച്ചു. അതിനു പിന്നാലെ ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ആനയെ കൊണ്ടു പോകാനും ഉടമസ്ഥത മാറ്റാനും സംസ്ഥാനങ്ങൾ സ്വയം നിയമം നിർമിക്കേണ്ടി വന്നതായി വന്നു. എന്നാൽ,കേരള സർക്കാർ ഇതു വരെയും അത്തരത്തിലൊരു നിയമം നിർമിക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ല.

സംസ്ഥാന സർക്കാർ നയം വ്യക്തമാക്കിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് അഭിഭാഷകനും ആനയുടമസ്ഥനുമായ രാജേഷ് പല്ലാട്ട് പറയുന്നു. ഈ വിഷയത്തിൽ വിഷയത്തിൽ പ്രതികരിക്കാൻ സാംസ്കാരിക വകുപ്പ് തയാറായിട്ടില്ല.

ഇണക്കി വളർത്തുന്ന ആനകളുടെ പ്രത്യേകിച്ച് ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ലഭിച്ചവയുടെ എണ്ണം കുറയുമ്പോൾ മറ്റ് ആനകളെ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നു. ആനകൾ ഇടയുന്നതിന്‍റെ പ്രധാന കാരണമിതാണെന്ന് രവീന്ദ്രനാഥൻ പറയുന്നു. ഉവങ്ങളിൽ പങ്കെടുത്തു ശീലമില്ലാത്ത ആനകളെ കൊട്ടും വാദ്യവുമായി വൻ തിരക്കിനിടയിൽ നിൽക്കുമ്പോൾ ഇടയുന്നത് സ്വാഭാവികമാണ്.

എന്നാൽ ഉത്സവങ്ങളുടെ പേരിൽ ആനകൾക്കു മേൽ നടപ്പാക്കുന്ന ക്രൂരതകളിൽ നിന്ന് ക്ഷേത്രങ്ങൾ പിന്മാറണമെന്നാണ് മൃഗാവകാശ സംരക്ഷകർ പറയുന്നത്. ത്രത്തിലെ ഉത്സവങ്ങൾക്ക് ആനകളുടെ ആവശ്യമില്ല. കേരളത്തിനു പുറത്ത് മറ്റൊരു ഹിന്ദു ക്ഷേത്രത്തിലും ഇത്തരമൊരു ചടങ്ങ് നമുക്ക് കാണാനാകില്ലെന്ന് മൃഗാവകാശ പ്രവർത്തകൻ ഏഞ്ജൽസ് നായർ പറയുന്നു. പലപ്പോഴും ആനകളെ ലീസിനെടുത്ത് പലരും വൻ ലാഭമുണ്ടാക്കാറുണ്ട്. ഇതിനായി മണിക്കൂറുകളോളം വിശ്രമം പോലുമില്ലാതെ ആനകളെക്കൊണ്ട് പണിയെടുപ്പിക്കും. അതിന്‍റെ ഫലമായാണ് ആനകൾ ഇടയാറുള്ളതെന്നും ഏഞ്ജൽ‌സ്. സർക്കാർ ഇതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആക്റ്റിവിസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കാലം പോകുന്നതിനിടെ പല ആചാരങ്ങളും മാറി മറിയുന്നതു പോലെ ആനയെഴുന്നള്ളിപ്പും ഇല്ലാതാകേണ്ടതാണ് യന്ത്രത്തിൽ പ്രവർത്തിക്കുന്ന ആനകൾ പോലുള്ള ബദൽമാർഗങ്ങൾ സ്വീകരിക്കാൻ തയാറാകണമെന്നും ഏഞ്ജൽസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com