
തിരുവനന്തപുരം: നിരവധി നുണകളും ഏറെ കാപട്യവും പതിറ്റാണ്ടുകളായുള്ള ജനവഞ്ചനയും ഒത്തു ചേർന്നതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ "ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' ("പെണ്ണാണ്, പോരാടും') എന്ന മുദ്രാവാക്യം പാലക്കാട്ടെ ജനങ്ങൾക്ക് ബാധകമല്ലേ എന്നും അദ്ദേഹം സാമൂഹ്യമാധ്യങ്ങളിൽ ചോദിച്ചു.
ബിജെപി വികസിത കേരളം എന്ന ദൗത്യത്തിനു മാത്രം ഊന്നൽ നൽകിയാണു മുന്നോട്ടുപോകുന്നത്. ഏവരുടെയും വികസനമാണ് ഞങ്ങളുടെ ഏക അജൻഡ. അതേ സമയം ജനങ്ങളാൽ തെഞ്ഞെടുക്കപ്പെട്ടവരുടെ തരം താണ പ്രവർത്തികൾക്കു മറുപടി നൽകാനും ബാധ്യതയുണ്ട്. കാരണം, ഞങ്ങൾ മാത്രമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം നിറവേറ്റുന്ന ഏക പാർട്ടി. ബുദ്ധിമുട്ട് നേരിടുന്നവർ ആരായാലും, എവിടെയായാലും അവരെ സഹായിക്കാൻ ഞങ്ങൾ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരുമാണ്.
എന്തെല്ലാം നാടകങ്ങൾ കളിച്ചാലും സ്വന്തം എംഎൽഎമാരുടെ സ്വഭാവദൂഷ്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിന് നിങ്ങൾക്കാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടു പറയാനുള്ളത്. അതിൽ നിന്ന് ജനശ്രദ്ധ വ്യതിചലിക്കാൻ അനുവദിക്കുകയുമില്ല. തന്നെ വിശ്വസിച്ച് തെരഞ്ഞെടുത്ത പാലക്കാട്ടുകാരുടെ വിശ്വാസമാണ് ആ എംഎൽഎ ലംഘിച്ചിരിക്കുന്നത്. സ്ത്രീ വേട്ടക്കാരനായ ഒരു എംഎൽഎയെ ഭയന്ന് ജീവിക്കാൻ പാലക്കാട്ടെ വനിതകളെ കിട്ടില്ല. ആദ്യം എംഎൽഎയെ രാജി വയ്പ്പിക്കുക, മറ്റു വിഷയങ്ങൾ നമുക്ക് പിന്നാലെ ചർച്ച ചെയ്യാം.
രാഹുൽ ഗാന്ധിക്ക് കീഴിൽ കോൺഗ്രസ് പാർട്ടി വഞ്ചകരുടെയും ചൂഷകരുടെയും വഞ്ചകരുടെയും സംഗമസ്ഥലമായി മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. മറുവശത്ത് ജമാ അത്തെ ഇസ്‌ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി സഖ്യമുണ്ടാക്കും. "പെണ്ണാണ്, പോരാടും' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീശാക്തീകരണത്തെ കുറിച്ച് പ്രസംഗിക്കും. അതേസമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യും.
ഒരിടത്ത് പ്രിയങ്ക ഗാന്ധി "ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' എന്ന് സംസാരിക്കുന്നു; പക്ഷേ രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ള എംഎൽഎമാർ സ്ത്രീകളെ ചൂഷണം ചെയ്തിട്ടും എംഎൽഎമാരായി തുടരുന്നതിനെക്കുറിച്ച് അവർക്ക് മിണ്ടാട്ടമില്ല. ഇത്തരം എംഎൽഎമാർക്കെതിരേ പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രാദേശിക നേതാക്കളും തിടുക്കം കൂട്ടുകയാണ്. അല്ലെങ്കിൽ തങ്ങളും തുറന്നുകാട്ടപ്പെടുമെന്ന് അവർ ഭയപ്പെടുന്നതാണ് കാരണം. ഇത് മാറണം; ഇനിയെങ്കിലും ഇമ്മാതിരി തട്ടിപ്പുകാർക്ക് കേരള രാഷ്‌ട്രീയത്തിൽ ഒരു പങ്കും ഉണ്ടാകരുത്, രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.