Lali Vincent with Ananthu Krishnan in background
ലാലി വിൻസെന്‍റ്, പശ്ചാത്തലത്തിൽ അനന്തു കൃഷ്ണൻ

അനന്തു കൃഷ്ണൻ നവകേരള സദസിനു പണം നൽകി: ലാലി വിൻസെന്‍റ്

''മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍റെ ബന്ധുവായ കോഴിക്കോട് സ്വദേശി ബേബി നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷൻ ട്രസ്റ്റിന്‍റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികള്‍ പോയിട്ടുണ്ട്''
Published on

കൊച്ചി: പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തു കൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും ബന്ധമുണ്ടെന്ന് അനന്തുവിന്‍റെ അഭിഭാഷകയും കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്‍റ്. സിപിഎം നേതാക്കള്‍ക്കും നവകേരള സദസിനും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന് ലാലി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി.

''അനന്തു നവകേരള സദസിന് പണം നല്‍കിയതായി അക്കൗണ്ടിലും കാണാം. അനന്തു അത് പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അപ്പോയിന്‍റ്മെന്‍റ് എടുത്തു കൊടുത്തത്. കെ.എം. എബ്രഹാമിന്‍റെ ബന്ധുവായ കോഴിക്കോട് സ്വദേശി ബേബി നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷൻ ട്രസ്റ്റിന്‍റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികള്‍ പോയിട്ടുണ്ട്. നവകേരള സദസിനുവേണ്ടി ഏഴ് ലക്ഷം രൂപ നൽകിയെന്നും എന്നോട് പറഞ്ഞിട്ടുണ്ട്'', ലാലി പറഞ്ഞു.

ഒക്റ്റോബര്‍ മൂന്നിനാണ് അനന്തുവിനെതിരേ ആദ്യമായി പരാതി വരുന്നത്. മൂവാറ്റുപുഴയില്‍നിന്നായിരുന്നു ഇത്. തുടര്‍ന്ന് അനന്തു കൃഷ്ണന്‍റെ ഐസിഐസി‍‍ഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇതിനെതിരേ പരാതി നല്‍കുന്നതിനാണ് അനന്തു കൃഷ്ണനും ബേബിയും പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതിനുവേണ്ടി ഡിഐജിയെ പരിചയപ്പെടുത്തുന്നത് എബ്രഹാമാണെന്നും ലാലി ആരോപിക്കുന്നു.

സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അനന്തു കൃഷ്ണനെ സാമ്പത്തികമായി ഉപയോഗിച്ചെന്നും ലാലി പറഞ്ഞു. സ്‌കൂട്ടറുകൾ വിതരണം ചെയ്യുമ്പോള്‍ ഓരോ വാഹനത്തിനും ആനുപാതികമായ പണം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ തനിക്കു നല്‍കണമെന്ന് ആനന്ദകുമാര്‍ ആവശ്യപ്പെട്ടെന്നും, അത് അനന്തു കൃഷ്ണനോട് രേഖയില്ലാതെ കൊടുക്കരുതെന്നു പറഞ്ഞതു താനാണെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

തന്‍റെ വാക്ക് കേട്ട് കൊടുക്കാതിരുന്നപ്പോള്‍ ആനന്ദകുമാര്‍ ക്ഷുഭിതനായെന്നും ലാലി. ടെക്‌നോപാര്‍ക്കില്‍ ആനന്ദകുമാര്‍ ചെയ്യുന്ന പുതിയ പ്രൊജക്ടുകളുടെ വലിയ ഷെയര്‍ അനന്തുവിന്‍റെതാണെന്നും ലാലി വെളിപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com