
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനായി ഭൂമി തരം മാറ്റുന്നതു സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
25 സെന്‍റിൽ കൂടുതലുള്ള കൃഷി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസായി നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് ശരിവച്ചുകൊണ്ടാണു പരമോന്നത കോടതിയുടെ വിധി. 25 സെന്‍റിലധികം തരംമാറ്റുമ്പോൾ അധികഭൂമിക്കു മാത്രം ന്യായവിലയുടെ 10 ശതമാനം ഫീസ് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്.
ചെറുകിട ഭൂവുടമകൾക്ക് ആശ്വാസമെന്ന വാദമുയർത്തിയാണ് 2021 ഫെബ്രുവരി 25ന് നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സർക്കാർ ഇളവു വരുത്തിയത്.
നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്‍റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതിൽ കൂടുതലുള്ള ഭൂമി ഭൂമി തരംമാറ്റുകയാണെങ്കിൽ ആകെ ഭൂമിയുടെ 10 ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. ഇതു ഹൈക്കോടതി ദ്ദാക്കിയതിനെത്തുടർന്നു സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.