വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് സംഭവം
Representative image

പ്രതീകാത്മക ചിത്രം

Updated on

വട്ടവട: ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 3.30നാണ് സംഭവം.

കൊട്ടക്കമ്പൂർ സ്വദേശികളും സഹോദരങ്ങളുമായ ബാലചന്ദ്രൻ, ചിന്നമ്മ എന്നിവരാണ് മരിച്ചത്. ബാലചന്ദ്രന്‍റെ ഭാര്യയായ മാരിയമ്മയ്ക്കാണ് പരുക്കേറ്റത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവർ ഷെഡിലേക്ക് കയറി നിന്നിരുന്നു. എന്നാൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മാരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. അതേസമയം നീലക്കുറിഞ്ഞി പൂത്തതിനെ തുടർന്ന് വട്ടവടയിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇതിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈരാറ്റുപേട്ട-വാഗമൺ റോഡിലെ കാരികാട് ടോപ്പിലും മണ്ണിടിച്ചിൽ ഉണ്ടായി. രണ്ട് കാറുകളുടെ മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ആളപായമില്ല. പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com