Landslides near Idamalayar Dam and Vaishali Cave
കനത്ത മഴ; ഇടമലയാർ ഡാമിനും വൈശാലി ഗുഹയ്ക്കും സമീപവും മണ്ണിടിച്ചിൽ

കനത്ത മഴ; ഇടമലയാർ ഡാമിനും വൈശാലി ഗുഹയ്ക്കും സമീപം മണ്ണിടിച്ചിൽ

താളുംകണ്ടത്തേയും,പൊങ്ങിൻചോട്ടിലേയും ആദിവാസികൾ ദുരിതത്തിൽ, വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിനം
Published on

കോതമംഗലം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഇടമലയാർ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ആദിവാസി മേഖലയിലെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. എറണാകുളം ജില്ലയിലെ കിഴക്കൻ ഭാഗം ഉൾപ്പെടുന്ന ആദിവാസി മേഖലയാണ് പൊങ്ങിൻ ചുവട്, താളുംകണ്ടം. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പെടുന്ന പൊങ്ങൻചുവട് ആദിവാസി കുടിയിൽ 120 വീടുകളും, 300 മീറ്റർ വ്യത്യാസത്തിലുള്ള കോതമംഗലം നിയോജക മണ്ഡലത്തിൽ പെടുന്ന താളുംകണ്ടം കോളനിയിൽ നൂറിൽ പരം ആദിവാസി കുടുംബങ്ങളുമാണ് അദിവസിക്കുന്നത്. താളുംകണ്ടം റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകർന്നു. പൊങ്ങിൻചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ തീവ്രമഴയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നത്. ഇടമലയാറിൽ കഴിഞ്ഞ ദിവസം 120 എം.എം. മഴയാണ് പെയ്തെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ഇടമലയാർ ഡാമിന് ഏതാനും മീറ്റർ ഇപ്പുറത്ത് വ്യൂ പോയിന്‍റിന് സമീപത്തും ഇടമലയാർ ഡാം-താളുംകണ്ടം റോഡിൽ വൈശാലി ഗുഹയ്ക്ക് ഏതാനും മീറ്റർ താഴേയുമാണ് ശക്തമായ മണ്ണിടിച്ചിൽ സംഭവിച്ചത്.

താളുംകണ്ടം ഗിരിവർഗ ഊരിലേക്കുള്ള റോഡിലേക്ക് മണ്ണിടിഞ്ഞ് വലിയ പാറക്കല്ലും മരങ്ങളും കടപുഴകിവീണ് റോഡിന് കേടുപാടുണ്ടായി. ഊരിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന അണ്ടർ ഗ്രൗണ്ട് കേബിൾ ഭാഗത്തെ മണ്ണ് കുത്തിയൊലിച്ചുപോയി കേബിൾ പുറത്തുകാണാവുന്ന വിധത്തിലായി. കേബിൾ തകരാർ മൂലം പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. ഡാമിന് സമീപത്ത് റോഡിലേക്ക് മണ്ണിടി ഞ്ഞത് കെഎസ്ഇബി അധികൃതർതന്നെ നീക്കം ചെയ്തു. താളുംകണ്ടം ഊരിൽനിന്ന് പൊങ്ങിൻ ചോട് ഊരിലേക്ക് പോകുന്ന റോഡിലെ ചെറിയ പാലത്തിനും മണ്ണിടിച്ചിലിനെ തുടർന്ന് തകർച്ച നേരിട്ടിട്ടുണ്ട്. തോട്ടിൽ ജലനിരപ്പ് ഉയർന്ന് തടിയുംമറ്റും പാലത്തിന് മുകളിൽ അടിച്ചാണ് കേടുപാട് ഉണ്ടായത്.

രണ്ട് കുടികളിൽ നിന്നുള്ള 35 കുട്ടികൾക്ക് ഗതാഗത തടസം കാരണം സ്കൂളിൽ പോകാനായില്ല. ഇടമലയാർ ഗവൺമെന്‍റ് യുപി സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. ഡാമിന് താഴെയുള്ള പഴയ കുപ്പ് റോഡ് (നായാട്ട് കല്ല് റോഡ്) കൂടി ഗതാഗതയോഗ്മാക്കണമെന്ന് ഊരുവാസികൾ ആവശ്യപ്പെട്ടു. നല്ല റോഡുകൾ ഇവിടെ ഇല്ലാത്തതിനാൽ ഗർഭിണികൾ റോഡിൽ പ്രസവിക്കുന്ന അവസ്ഥയും ഉണ്ടായി. ഇടമലയാർ ഡാമിന്റെ ക്യാച്ച്മെന്റ്റ് ഏരിയയിൽ ഉണ്ടായിരുന്നതാണ് ഈ കോളനികൾ. വർഷങ്ങൾക്ക് മുൻപ് ഈ കോളനി കളുടെ ചുറ്റു വട്ടമായ ഇടമലയാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെ എസ് ആർ ടി സി ബസും, സി. പി. ബാവ എന്ന പ്രൈവറ്റ് ബസും ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തലാക്കിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com