

കെ. ലതേഷ് വധക്കേസ്; 7 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തവും പിഴയും
കണ്ണൂർ: സിപിഎം നേതാവ് തലശേരി തലായിയിലെ കെ. ലതേഷ് വധക്കേസിൽ ഏഴ് ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തവും, 1,40000 രൂപ പിഴയും ചുമത്തി. തലശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 9 മുതൽ 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
മത്സ്യത്തൊഴിലാളി യൂണിയൻ നേതാവും സിപിഎം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബർ 31ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ സിപിഎം പ്രവർത്തകൻ മോഹൻലാലിന് ഗുരുതര പരുക്കേറ്റു. ബോംബേറിൽ പരുക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്തരിച്ചു.